തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കോടതിവിധി മാനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ച ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്.
ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നത് ഗൗരവതരമായ കാര്യമാണ്.
പിണറായി സർക്കാർ രാജ്യത്തിന്‍റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിലകൽപ്പിക്കുന്നില്ലെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഹൈക്കോടതിയുടെ വിധിയെന്ന് സുരേന്ദ്രൻ പറഞ്ഞു.