'ഇത്തരം വില കുറഞ്ഞ വാക്കുകളെ സാംസ്‌കാരിക കേരളം തള്ളിക്കളയും'; അലൻസിയറിനെതിരേ സജി ചെറിയാൻ

അലൻസിയറിന്‍റെ പ്രതികരണം നിർഭാഗ്യകരമാണെന്നായിരുന്നു മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രതികരണം
Alencier | Saji Cheriyan
Alencier | Saji Cheriyan
Updated on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചങ്ങിൽ, സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. അലൻസിയറുടേത് തികച്ചും വില കുറഞ്ഞ വാക്കുകളായിരുന്നെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം സ്ത്രീവിരുദ്ധമാണെന്നും മന്ത്രി. ഇത്തരം അഭിപ്രായ പ്രകടനങ്ങളെ സാംസ്കാരിക കേരളം അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, അലൻസിയറിന്‍റെ പ്രതികരണം നിർഭാഗ്യകരമാണെന്നായിരുന്നു മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രതികരണം. മനസിൽ അടിഞ്ഞു കൂടിയിരിക്കുന്ന പുരുഷാധിപത്യ ബോധത്തിന്‍റെ ബഹിസ്ഫുരണമാണെന്നും ഒരിക്കലും അത്തരം ഒരു വേദിയിൽ നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നെന്നും മന്ത്രി പറഞ്ഞു. നിരന്തരമായ ബോധവത്കരണത്തിലൂടെയേ ഇത് മാറ്റിയെടുക്കാനാവൂ എന്നും മന്ത്രി.

സ്പെഷ്യൽ അവാർഡിന് അർഹരായവർക്കു കേവലം 25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്നായിരുന്നു നടൻ അലൻസിയറിന്‍റെ പ്രതികരണം. മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺപ്രതിമ നൽകണമെന്നും അലൻസിയർ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് അലൻസിയറുടെ വിവാദപരാമർശം. പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അലൻസിയർ. മന്ത്രി സജി ചെറിയാനോടും ബംഗാളി സംവിധായകൻ ഗൗതം ഘോഷിനോടും കൂടിയായിരുന്നു അലൻസിയറുടെ അഭിപ്രായപ്രകടനം.

Trending

No stories found.

Latest News

No stories found.