തിരുവനന്തപുരം: താരങ്ങൾക്ക് സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സെറ്റിൽ സുരക്ഷാപ്രശ്നമുണ്ടാകുന്നത് അംഗീകരിക്കാനാവില്ല. താരങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതിൽ ആരും എതിരല്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തിൽ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം ഉന്നയിക്കപ്പെട്ടിരുന്നു. പരാതി നൽകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സിനിമാ മേഖലയുടെ പ്രവർത്തനം സുഗമമായി പോകാൻ സർക്കാരിനാവുന്നതെല്ലാം ചെയ്യും. സുരക്ഷിതത്വബോധത്തോടുകൂടി ഈ മേഖലയെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷൂട്ടിങ് സ്ഥലത്ത് പോയി പരിശോധിക്കാൻ കഴിയില്ല. അതിന് അവർക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതിനനുസരിച്ചാണ് സിനിമാ മേഖല പ്രവർത്തിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.