ഉൾപ്പോരിലുലഞ്ഞ് ബിജെപി

ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത പുതിയ കാര്യമല്ല
sandeep varier against bjp
ഉൾപ്പൊരിലുലഞ്ഞ് ബിജെപി
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വട്ടമായി നഷ്ടമായ അക്കൗണ്ട് വീണ്ടെടുക്കാൻ പൊരിഞ്ഞ പോരാട്ടം നടത്തുന്ന ബിജെപിയെ വലച്ച് ഉൾപ്പോര്. കൊടകര കുഴൽപ്പണക്കേസ് അപ്രതീക്ഷിതമായി വീണ്ടും ഉയർന്നതിന് പിന്നാലെയാണ് പുതിയ പോര് പരസ്യമാവുന്നത്.

ബിജെപി സംസ്ഥാന സമിതി അംഗവും ചാനൽ വക്താവുമായ സന്ദീപ് വാര്യർ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തി പാർട്ടിയിൽ നിന്നു തന്നെ പുറത്തേയ്ക്കുള്ള വഴിയിലാണ്. "സംസ്ഥാന പ്രസിഡന്‍റാകാൻ തനിക്കെന്താണ് അയോഗ്യത' എന്ന ചോദ്യമുയർത്തിയ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ കുഴൽപ്പണ കേസ് വീണ്ടും ഉയർന്നതിന് പിന്നിലുണ്ടെന്ന ആരോപണവും നേരിടുന്നു.

തൃശൂരിൽ പൂര ദിവസം പാർലമെന്‍റ് സ്ഥാനാർഥിയായിരിക്കേ സുരേഷ് ഗോപി ആംബുലൻസിൽ വന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പാർട്ടിയെത്തന്നെ വെട്ടിലാക്കിയിരുന്നു. സംസ്ഥാന നേതൃത്വവുമായി ബന്ധമില്ലാത്ത അദ്ദേഹം നേരിട്ട് കേന്ദ്ര നേതൃത്വവുമായി ബന്ധമുള്ളതിന്‍റെ പേരിൽ പാർട്ടിയെ നേരത്തെയും വെട്ടിലാക്കിയിരുന്നു.

ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത പുതിയ കാര്യമല്ല. കേന്ദ്ര നേതൃത്വവുമായി തനിക്കുള്ള അടുപ്പം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ ശോഭാ സുരേന്ദ്രൻ അവരുടെ പിന്തുണയോടെയാണ് തന്‍റെ ഇടപെടലുകളെന്ന് പറഞ്ഞത് സംസ്ഥാന നേതൃത്വത്തിനോടാണെന്നാണ് വ്യാഖ്യാനം.

"യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെ'ന്ന് പാലക്കാട്ടെ സ്ഥാനാർഥികൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പ്രതികരിച്ചപ്പോൾ "ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെ'ന്ന് സാമൂഹികമാധ്യമത്തിലൂടെ സന്ദീപ് വാര്യരുടെ മറുപടി. 2 കൊല്ലം മുമ്പ് അമ്മയുടെ മരണമുണ്ടായപ്പോൾ അദ്ദേഹം ഫോണിലൂടെയോ അല്ലാതെയോ ആശ്വസിപ്പിച്ചില്ലെന്നും കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിലും ചാനലുകളിലും ബിജെപിയുടെ യുവമുഖമായിരുന്ന സന്ദീപ് വാര്യരാണ് പാലക്കാട്ടെ സ്ഥാനാർഥിക്കെതിരെ വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചത്.

പാലക്കാട്ട് പ്രചാരണത്തിനില്ലെന്ന് പറഞ്ഞ സന്ദീപ് വാര്യർ സിപിഎമ്മിലേക്കാണെന്നാണ് പ്രചാരണം. എൽഡിഎഫിന്‍റെ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടും സന്ദീപ് വാര്യർ താൻ ഇപ്പോഴും ബിജെപിക്കാരനാണെന്നാണ് ആവർത്തിച്ചത്.

സന്ദീപ് വാര്യർക്കെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. സന്ദീപിന്‍റെ പ്രതികരണങ്ങൾ പരിശോധിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടതെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.

Trending

No stories found.

Latest News

No stories found.