പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര‍്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും മാനസികമായി കടുത്ത സമ്മർദത്തിലാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ലെന്നും ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ താൻ തയ്യാറല്ലെന്നും സന്ദീപ് പറഞ്ഞു.
നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് പിണങ്ങിപോകുന്നവനല്ല താനെന്നും സന്ദീപ് വ‍്യക്തമാക്കി. പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെയും സന്ദീപ് വിമർശിച്ചു. തന്‍റെ അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ വീട്ടിൽ വന്നില്ല ഒരു ഫോൺ കോൾ പേലും വിളിച്ചിലെന്ന് സന്ദീപ് പറഞ്ഞു.
'എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്‍റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.
വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലത്തും എന്‍റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.' സന്ദീപ് പറഞ്ഞു.