കൊച്ചി: ജാതി അധിക്ഷേപ കേസിൽ നൽത്തകി സത്യഭാമയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി.
സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ.ആളൂർ വാദിച്ചു.
ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് സത്യഭാമയുടെ വിവാദപരാമർശം. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നാണ് സത്യഭാമയുടെ വാക്കുകൾ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.