അക്ഷരമുറ്റത്ത് ആഹ്ലാദം: പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ ജി. ആർ. അനിൽ , ആന്‍റണി രാജു വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
അക്ഷരമുറ്റത്ത് ആഹ്ലാദം: പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
Updated on

തിരുവനന്തപുരം: വേനലവധിക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികളാണ് ഇന്നു സ്കൂളിലെക്കെത്തിയത്. സംസ്ഥാനത്തൊട്ടാകെ വിപുലമായ ഒരുക്കങ്ങളാണ് പ്രവേശനോത്സവവുമായിബന്ധപ്പെട്ട് ഒരുക്കിയിരുന്നത്. ബലൂണുകളും തോരണങ്ങളുമായി ഓരോ സ്കൂളും കുട്ടികളെ വരവേറ്റു.

പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ വിഎച്ച്എസ്എസ് മലയൻകീഴ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ ജി. ആർ. അനിൽ , ആന്‍റണി രാജു വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകൾ ലൈവായി വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഏഴ് വർഷം കൊണ്ട് 15 ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായെന്നും കൂട്ടിച്ചേർത്തു. പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ജില്ലാതലങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണ് ഉദ്ഘാടകര്‍. പ്രവേശനോത്സവ ഗാനത്തിന്‍റെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി റിലീസ് ചെയ്തു. സർക്കാർ, എയിഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആകെ 13,964 സ്കൂളുകളാണ് ഉള്ളത്. അൺ എയിഡഡ് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് 3 ലക്ഷത്തിലധികം കുരുന്നുകളാണ് ഈ വര്‍ഷം എത്തുന്നത്.

Trending

No stories found.

Latest News

No stories found.