തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷ (ഓണപ്പരീക്ഷ) സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും. 12 ന് അവസാനിക്കും വിധമാണ് ടൈം ടേബിള്‍. ഹൈസ്കൂള്‍ വിഭാഗം പരീക്ഷകളാണ് മൂന്നിന് ആരംഭിക്കുക. യുപി വിഭാഗം പരീക്ഷകള്‍ നാലിന് തുടങ്ങും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും നാലിന് പരീക്ഷ ആരംഭിക്കും. എല്‍പി വിഭാഗത്തിന് ആറിനാണ് പരീക്ഷ ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാർഥികള്‍ക്ക് ഓണപ്പരീക്ഷ ഉണ്ടാകില്ല.
രണ്ട് മണിക്കൂര്‍ ആയിരിക്കും പരീക്ഷാ സമയം. പരീക്ഷ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ് ടൈം അനുവദിക്കണം. വെള്ളിയാഴ്ച ഉച്ചക്കുള്ള പരീക്ഷ രണ്ട് മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ സമയദൈര്‍ഘ്യമില്ല. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കാം.
പരീക്ഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 13 ന് നടത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. 13 ന് ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും. 23 ന് സ്കൂള്‍ തുറക്കും.