കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആധ്യാത്മിക പ്രഭാഷകനും ചിന്തകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 9 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അപ്രതീക്ഷിത അന്ത്യം.
ശാസ്ത്രത്തെയും ആധ്യാത്മികതയേയും കോര്‍ത്തിണക്കി നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, ഗ്രന്ഥങ്ങള്‍, പഠനങ്ങള്‍, യുട്യൂബ് സംവാദങ്ങൾ എന്നിവയെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. ഭാരതീയ ദര്‍ശനങ്ങളെയും ആധ്യാത്മികതയെയും ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റേജ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്. 25 വര്‍ഷം സിഎസ്ഐആറില്‍ സയന്റിസ്റ്റായി സേവനമനുഷ്ഠിച്ചു.
കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയില്‍ വിസിറ്റിങ് സയന്റിസ്റ്റ് ആയി. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കല്‍റ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ 50ഓളം റിസര്‍ച്ച് പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്ത് ആറ് പേറ്റന്റുകളും നേടി.