തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങിലുംവ പൂത്തുറയിലും ആലപ്പുഴയിൽ തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ തീരങ്ങളിലുമാണ് കടലാക്രമണം. ശക്തമായ തിരയിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മേഖലയിൽ ആദ്യ കടലാക്രണം. കടലിന് സമീപം താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
ഇന്നലെ രാത്രിയോടെയാണ് കടലാക്രമണം. മുന്നറിയിപ്പിനെ തുടർന്ന് മത്സബന്ധന ഉപകരണങ്ങളും വള്ളവുമെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു