വിളമ്പിയ കോഴിയിറച്ചിയിൽ പുഴു; അരലക്ഷം രൂപ പിഴയടക്കാൻ വിധി

ഒരു മാസത്തിനകം പിഴ അടക്കാതിരുന്നാല്‍ പരാതി തീയതി മുതല്‍ 12% പലിശയും നല്‍കണമെന്ന് കമ്മീഷന്‍
served rotten chicken, malappuram district consumer disputes redressal commission fined rs 50,000
വിളമ്പിയ കോഴിയിറച്ചിയിൽ പുഴു; അരലക്ഷം രൂപ പിഴയടക്കാൻ വിധി

മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറന്‍റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കോട്ടയ്ക്കലിലെ സാന്‍ഗോസ് റെസ്റ്റോറന്‍റിനെതിരെ വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി. ഭാര്യയും 5 വയസുള്ള മകളുമൊത്ത് പരാതിക്കാരന്‍ ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്‍റിലെത്തിപ്പോൾ വിളമ്പിയ കോഴിയിറച്ചി മകള്‍ക്കായി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്.

ഉടനെ തന്നെ ഹോട്ടല്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും അപമര്യാദയായി പെരുമാറുകയാണുണ്ടായതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കോട്ടയ്ക്കല്‍ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നല്‍കി. മുനിസിപ്പല്‍ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ശേഷം പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

എന്നാൽ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ റസ്റ്റോറന്‍റ് ഉടമ മറുപടി ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് പരാതിക്കാരന്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാണ് റെസ്റ്റോറന്‍റ് ഉടമയ്‌ക്കെതിരെ പിഴ വിധിച്ചത്. അഴുകിയ ഭക്ഷണം വിതരണം ചെയ്യാനിടയായ സാഹചര്യം ഗുരുതരമാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ മറ്റു നടപടികള്‍ ആവശ്യമാണെന്നും 50,000 രൂപ പിഴയും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ വിധിച്ചു കൊണ്ടുള്ള ഉത്തരവില്‍ കമ്മീഷന്‍ പറഞ്ഞു. ഒരു മാസത്തിനകം പിഴ അടക്കാതിരുന്നാല്‍ പരാതി തീയതി മുതല്‍ 12% പലിശയും നല്‍കണമെന്ന് കെ മോഹന്‍ദാസ് പ്രസിഡന്‍റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവിട്ടു.

Trending

No stories found.

Latest News

No stories found.