കോട്ടയം: കേരളത്തോട് കടുത്ത അവഗണന കാട്ടുന്നതും തികച്ചും നിരാശാജനകമായ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. ആന്ധ്രാപ്രദേശിനും ബീഹാറിനും ഒക്കെ ആവശ്യത്തിലേറെ പരിഗണന നൽകിയപ്പോൾ കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഒന്നും പരിഗണിക്കാൻ കേന്ദ്രധനകാര്യ മന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റബറിന് പ്രത്യേക സംരക്ഷണം എന്ന നിലയിൽ താങ്ങ് വില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. ഇത് സംബന്ധിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.
രാജ്യത്തിന് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി രൂപയുടെ സാമ്പത്തിക സഹായം കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും നൽകിയില്ല. ജി.എസ്.റ്റി വിതരണത്തിലെ അനുപാദം 60:40 ആക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യവും കേന്ദ്ര ധനമന്ത്രി ഉൾക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വായ്പാ പരിധി മൂന്നര ശതമാനമായി ഉയർത്തണമെന്നുള്ള ആവശ്യവും പരിഗണിച്ചില്ല. കൊച്ചി ഗ്ലോബൽ സിറ്റിയും, മെഡിക്കൽ ഡിവൈസസ് പാർക്കിനും ഫണ്ട് അനുവദിക്കുമെന്ന് കരുതി എങ്കിലും അതും ഉണ്ടായില്ല. ദേശീയ തലത്തിൽ കർഷർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകർ പ്രതീക്ഷിച്ച ഒരു ആനുകൂല്യവും ബജറ്റിലില്ല.
കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങ് വില സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ പ്രകാരം C2+50% എന്ന നിലയിൽ നിയമ നിർമാണം നടത്തുമെന്നുള്ള പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ല. റെയ്ൽവേ മൂന്നാം പാത ഉൾപ്പെടെയുള്ള വികസന കാര്യങ്ങളിലും പുതിയ ട്രെയ്നുകൾ അനുവദിക്കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. കേരളത്തെ പാടെ അവഗണിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ ബജറ്റ് ചർച്ചാവേളയിൽ ശക്തമായി പ്രതികരിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.