കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐയുടെ ബാനർ. 'ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ' എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗവർണർക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല കാമ്പസുകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
ശനിയാഴ്ച കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറുടെ പരിപാടി നടക്കാനിരിക്കെയാണ് എസ്എഫ്ഐ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ഇവിടെ ഗവര്‍ണര്‍ ആദ്യം താമസിക്കാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റുകയും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഇരുവിഭാവും വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് കാലടിയില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുന്ന ബാനര്‍ ഉയര്‍ന്നത്.
അതേസമയം, എസ്എഫ്ഐയുടെ വെല്ലുവിളി തനിക്കെതിരേയുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ഭരണ തലവനായ ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടയുമെന്ന പ്രസ്താവന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചട്ടപ്രകാരം പൊലീസ് മേധാവി നേരിട്ട് കൈകാര്യം ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.