അഗളി (പാലക്കാട്): അട്ടപ്പാടി ഗവ. കോളെജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിനെ തുടർന്നുള്ള പ്രതിഷേധത്തിനിടെ എസ്എഫ്ഐക്കാർ പ്രിൻസിപ്പലിന്റെ കസേരയ്ക്കു പിന്നിൽ വാഴ വച്ചു. "വാഴയാണെങ്കിൽ കുലയ്ക്കുകയെങ്കിലും ചെയ്യും, പ്രിൻസിപ്പൽ ഒന്നും ചെയ്യുന്നില്ല'' എന്നു പറഞ്ഞ് പ്രിൻസിപ്പൽ എന്ന പേരിട്ട ബോർഡ് സഹിതമാണു വാഴ വച്ചത്.
മുൻ എസ്എഫ്ഐ പ്രവർത്തക കെ. വിദ്യ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് എറണാകുളം മഹാരാജാസ് കോളെജിലെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയെന്നു കണ്ടെത്തി പൊലീസിനെയും മഹാരാജാസ് കോളെജിനെയും അറിയിച്ച ലാലി വർഗീസാണ് അട്ടപ്പാടി കോളെജ് പ്രിൻസിപ്പൽ. എസ്എഫ്ഐക്കാർ തന്റെ ഓഫിസിൽ വാഴ വച്ച വിഷയത്തിൽ പ്രതികരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല.
ഹോസ്റ്റല്‍ നടത്തിപ്പില്‍ അഴിമതിയാണെന്നും, പ്രിന്‍സിപ്പല്‍ ഇടപെടാന്‍ വൈകുന്നുവെന്നും ആരോപിച്ചായിരുന്നു സമരം. ഒരു മണിക്കൂറിലേറെ നീണ്ട ഉപരോധം പൊലീസ് ഇടപെട്ടാണ് താത്കാലികമായി പരിഹരിച്ചത്.
വിദ്യാര്‍ഥികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രിന്‍സിപ്പലിന് പകരം വാഴയാണ് നല്ലതെന്ന മുദ്രാവാക്യം വിളിയുമായാണ് എസ്എഫ്ഐ പ്രവര്‍ത്തകരെത്തിയത്. ഹോസ്റ്റലില്‍ ഭക്ഷണമുണ്ടാക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആറ് മാസമായി ശമ്പളം മുടങ്ങിയെന്നും പണം കിട്ടാത്തതിനാല്‍ ഭക്ഷണവിതരണം അവസാനിപ്പിക്കുന്നുംവെന്നും സ്ത്രീകള്‍ നിലപാടെടുത്തു. പിന്നാലെ ഈ വിഷയം എസ്എഫ്ഐ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ കുടുംബശ്രീ വഴി പാചകമുൾപ്പെടെയുള്ള ജോലിക്കു നിയോഗിച്ച 10 ജീവനക്കാർ 6 മാസമായി വേതനം ലഭിക്കാത്തതിനാൽ ഉച്ചഭക്ഷണം തയാറാക്കില്ലെന്ന് അറിയിച്ചിരുന്നു. 179 ദിവസ കരാർ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കാൻ കോളെജ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഭക്ഷണം മുടങ്ങിയതോടെ വിദ്യാർഥിനികൾ പ്രതിഷേധിച്ചു. തുടർന്നാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ച് വാഴ സ്ഥാപിച്ചത്.
അഗളി പൊലീസ് എത്തി പ്രിൻസിപ്പലുമായും വിദ്യാർഥികളുമായും ചർച്ച നടത്തി. ജോലി ചെയ്തവർ കുടുംബശ്രീക്കാരാണെന്ന് പഞ്ചായത്തുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തിയ ശേഷം വേതനം നൽകാൻ നടപടി സ്വീകരിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കന്റീനിൽ നിന്നു നൽകി. വൈകിട്ടു ഭക്ഷണം പാകം ചെയ്യാമെന്നു കുടുംബശ്രീ ജീവനക്കാരും സമ്മതിച്ചു.
കടയിൽ ഉൾപ്പെടെയുള്ള 2 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന ധാരണയിൽ ഉച്ചയോടെ സമരം അവസാനിച്ചെങ്കിലും വൈകിട്ടു വീണ്ടും വിദ്യാർഥികളുടെ പ്രതിഷേധമുണ്ടായി. പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ, തിങ്കളാഴ്ചയോടെ കടക്കാരനു പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അവർ ആ തീരുമാനത്തിൽ നിന്നു മാറിയെന്നു പൊലീസ് പറയുന്നു. ബിൽ നൽകിയാൽ ട്രഷറിയിൽ നിന്നു പണം ലഭിക്കുമെങ്കിലും, ബിൽ പാസാക്കാൻ കോളെജ് അധികൃതർ തയാറാകാത്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിനു കാരണമെന്നാണ് പൊലീസ് നിലപാട്.
ഹോസ്റ്റലിലെ പട്ടികവിഭാഗക്കാരായ 40ഓളം കുട്ടികളുടെ മെസ് ഫീസും സാമ്പത്തിക ആനുകൂല്യങ്ങളും 6 മാസമായി സർക്കാർ നൽകിയിട്ടില്ല. മെസ് ഫീസ് ഇനത്തിൽ 5 ലക്ഷത്തോളം രൂപ സർക്കാരിൽ നിന്നു കിട്ടാനുണ്ട്.