തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്‍. ഗവര്‍ണറുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗ്ലാസില്‍ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളില്‍ പൊലീസിനു ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായി.
ഗുരുതര പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്. ഇന്‍റലിജന്‍സ് പാളിച്ച മാത്രമല്ല നടന്നത്, മറിച്ച് ഭരണാനുകൂല വിദ്യാര്‍ഥി സംഘടനയ്ക്ക് ഒപ്പമാണ് പൊലീസ് നിന്നതെന്നും രാജ്ഭവന്‍ ആരോപിച്ചു. സംഭവത്തിൽ പൊലീസ് നടപടി പരിശോധിച്ച ശേഷം കേന്ദ്ര ഇന്‍റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്വമേധയാ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ രാജ്ഭവന്‍ ഇതിൽ ഇടപെടൽ ഉണ്ടാകില്ല. എന്നാൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടും.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പാളയത്തും പേട്ടയിലുമാണ് ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ വാഹനത്തില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ പൊലീസിനോടും പ്രതിഷേധക്കാരോടും കയർത്തു.
പാളയത്ത് പ്രവർത്തകർ ഗവർണറുടെ കാറിൽ തട്ടി പ്രതിഷേധിച്ചതോടെ കാർ നിർത്തി പുറത്തിറങ്ങിയ ഗവർണർ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ചു.സുരക്ഷാ വീഴ്ചയെന്നും ഗവർണർ ആരോപിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗനർണർ ആരിഫ് മുഹമ്മദ് ഖാൻ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ക്രിമിനലുകളും ഗുണ്ടകളുമാണോ ഭരിക്കുന്നത് എന്ന് ചോദിച്ചാണ് കയർത്തത്. മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ് ഗുഢാലോചനയ്ക്ക് പിന്നിലെന്നും ഗവർണർ ആവര്‍ത്തിച്ചു. കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം. അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ. കണ്ണൂരില്‍ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. തന്‍റെ വാഹനത്തില്‍ അടിച്ച ക്രിമിനലുകള്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ക്രിമിനലുകളെ വെച്ചുപൊറുക്കില്ല. ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും ഞാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ രൂക്ഷഭാഷയില്‍ വിമർശിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എസ്എഫ്ഐയുടെ കൊടി വീശിയും കരിങ്കൊടി കാണിച്ചുമാണ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ എത്തിയത്. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശം ഉന്നയിക്കുകയായിരുന്നു. സര്‍വകലാശാല കാവിവത്കരിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. സ്വകാര്യ പരിപാടിക്കായി വഴുതക്കാട്ടെ ഹോട്ടലിലെത്തിയപ്പോഴായിരുന്നു കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചത്.