ഇ പി ജയരാജന്‍റെ പ്രസ്താവനയെ പിന്തുണച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമർശിച്ച് ഷാഫി പറമ്പിൽ എം എൽ എ. പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ, വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ, എന്നായിരുന്നു ഷാഫി ഫെയ്സ്ബുക്കിലൂടെ ചോദിച്ചത്.
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്‍റെ വിവാദ പരാമാര്‍ശം. പാന്‍റും ഷർട്ടും ധരിച്ച് പെൺകുട്ടികളെ ആൺകുട്ടികളാക്കി തെറ്റുധരിപ്പിച്ച് കോൺഗ്രസ് സമരത്തിനിറക്കുകയാണെന്ന് ഇ പി ജയരാജന്‍റെ വിമർശനം. ഇത് വിവാദമായതിനു പിന്നാലെ ഇതിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്നാണ് ഗോവിന്ദൻ പറഞ്ഞത്. ഇതിനെതിരെയാണ് ഷാഫി പറമ്പിലിന്‍റെ വിമർശനം.
പാലക്കാട് എം വി ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്രയിൽ എത്തിയപ്പോൾ, ചുവന്ന മുണ്ടും വെളുത്ത ഷർട്ടും ധരിച്ചെത്തിയ പെൺകുട്ടിൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷാഫിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
"ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു"- ഇ പി ജയരാജൻ
"ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ?"-എം വി ഗോവിന്ദൻ
പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ?
വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?