കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്. എക്സ് റേ, സി ടി സ്കാൻ എന്നീ പരിശോധനകളിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മറ്റ് പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. പ്രതിയുടെ ദേഹത്തെ പൊള്ളലുകളുടെ കാലപ്പഴക്കം അടക്കം ഡോക്‌ടർമാർ പരിശോധിക്കും.
അതേസമയം, ചോദ്യം ചെയ്യൽ പൂർത്തിയാക്കി, എന്നാൽ ഇയാളുടെ പല മൊഴികളും കളവാണെന്ന നിഗമനത്തിലാണ് പൊലീസ്. ചോദ്യങ്ങളോട് ഇയാൾ സഹകരിക്കുന്നുണ്ടെങ്കിലും പല ഉത്തരങ്ങളും പഠിച്ചു പറയുന്നതുപോലെയാണ്. അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള നീക്കം നടക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
ഇയാൾ കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും കേരളത്തെക്കുറിച്ചുള്ള കേട്ടറിവ് മാത്രമാണ് ഉള്ളതെന്നുമാണ് മൊഴി. എന്നാൽ കേരളത്തിൽ ആദ്യമായി എത്തുന്ന ഒരാൾ എന്തിനാണ് ഇത്തരമൊരു കുറ്റകൃത്യം നടത്തിയതെന്നതടക്കം നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ട്രെയിനിൽ തീ വെയ്ക്കാനുള്ള ആലോചനയും കുറ്റകൃത്യം നടപ്പിലാക്കിയതും ഒറ്റയ്ക്കാണെന്നാണ് പ്രതി പറയുന്നത്. എന്നാൽ ആക്രമണം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലായിരുന്നു.