ട്രെയിന്‍ തീവെയ്പ്പ്: പ്രതി ഷാറൂഖ് സെയ്ഫി 28 വരെ റിമാന്‍ഡിൽ; ജില്ലാ ജയിലിലേക്ക് മാറ്റും

നിലവിൽ പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിദഗ്‌ധ ഡോക്‌ടർമാരുടെ റിപ്പോർട്ട്.
ട്രെയിന്‍ തീവെയ്പ്പ്:  പ്രതി ഷാറൂഖ് സെയ്ഫി 28 വരെ റിമാന്‍ഡിൽ; ജില്ലാ ജയിലിലേക്ക് മാറ്റും
Updated on

കോഴിക്കോട്: ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി റിമാന്‍ഡിൽ. ഈ മാസം 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളെജിൽ മജിസ്ട്രേറ്റ് എത്തിയിരുന്നു. നിലവിൽ പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിദഗ്‌ധ ഡോക്‌ടർമാരുടെ റിപ്പോർട്ട്. പ്രതിയെ ഡിസ്ചാർജ് ചെയ്യാനാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം. ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റും.

പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ടുകൾ തൃപ്തികരമെന്ന് തിരിച്ചറിഞ്ഞതിന് ശേഷമായിരുന്നു ഡിസ്ചാർജ് ചെയ്തത്. ഷാറൂഖ് സെയ്ഫിയുടെ ശരീരത്തിൽ ഒരു ശതമാനത്തിന് താഴെ മാത്രമാണ് പൊള്ളൽ. മറ്റ് പരിക്കുകൾ ട്രെയിനിൽ നിന്ന് ചാടിയതിന്‍റേതാകാം എന്നാണ് മെഡിക്കൽ റിപ്പോർട്ട്. കാഴ്ചശക്തിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഡോക്‌ടർമാർ അറിയിച്ചു.

അതേസമയം, ചോദ്യം ചെയ്യൽ പൂർത്തിയാക്കി, എന്നാൽ ഇയാളുടെ പല മൊഴികളും കളവാണെന്ന നിഗമനത്തിലാണ് പൊലീസ്. ചോദ്യങ്ങളോട് സഹകരിക്കുന്നുണ്ടെങ്കിലും പല ഉത്തരങ്ങളും പഠിച്ചു പറയുന്നതുപോലെയാണ്. അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള നീക്കം നടക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉള്ളതെന്നുമാണ് മൊഴി. എന്നാൽ കേരളത്തിൽ ആദ്യമായി എത്തുന്ന ഒരാൾ എന്തിനാണ് ഇത്തരമൊരു കുറ്റകൃത്യം നടത്തിയതെന്നതടക്കം നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ട്രെയിനിൽ തീ വെയ്ക്കാനുള്ള ആലോചനയും കുറ്റകൃത്യം നടപ്പിലാക്കിയതും ഒറ്റയ്ക്കാണെന്നാണ് പ്രതി പറയുന്നത്. എന്നാൽ ആക്രമണം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലായിരുന്നു.

Trending

No stories found.

Latest News

No stories found.