കൊച്ചി : യുവനടൻ ഷെയ്ൻ നിഗം നിർമാതാവ് സോഫിയ പോളിന് അയച്ച ഇമെയ്ൽ സന്ദേശം പുറത്ത്. ചിത്രീകരണം പൂർത്തിയായ ആർഡിഎക്സ് എന്ന സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും പ്രമോഷനിലും തനിക്കായിരിക്കണം പ്രാധാന്യമെന്നു ഷെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിൽ പറഞ്ഞിരുന്നതു പോലുള്ള പ്രാധാന്യം സിനിമയിൽ തന്‍റെ കഥാപാത്രത്തിനു ലഭിച്ചില്ലെന്നും ഷെയ്ൻ പറയുന്നു. നിർമാതാക്കളുമായി സഹകരിക്കാത്തതിനെ തുടർന്നും, സെറ്റിലെ മോശം പെരുമാറ്റത്തെ തുടർന്നും കഴിഞ്ഞദിവസം ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കു സിനിമാസംഘടനകൾ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെയ്ൻ നിർമാതാവിനയച്ച വിവാദ ഇമെയ്ൽ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
ആർഡിഎക്സ് സിനിമയുടെ കരാറിൽ ഒപ്പു വയ്ക്കുമ്പോൾ താനായിരിക്കും പ്രധാന നടനെന്നാണു സൂചിപ്പിച്ചിരുന്നത്. പ്രാഥമിക ചർച്ചാവേളയിൽ താൻ അവതരിപ്പിക്കുന്ന റോബർട്ട് എന്ന കഥാപാത്രമാണു പ്രധാനമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ ചിത്രീകരണവേളയിൽ കഥാപാത്രത്തിന് പറഞ്ഞിരുന്നതു പോലുള്ള പ്രാധാന്യം ലഭിക്കുന്നില്ലെന്നു മനസിലാക്കി. പ്രൊഫഷണൽ ജീവിതത്തെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഷെയ്ന്‍റെ ഇമെയ്ൽ സന്ദേശത്തിൽ പറയുന്നു. കൃത്യമായ വിശദീകരണം പ്രതീക്ഷിക്കുന്നതായും സന്ദേശത്തിലുണ്ട്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആർഡിഎക്സ് എന്ന ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പം ആന്‍റണി പെപ്പെ, നീരജ് മാധവ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ സെറ്റിൽ നിന്നും ഷെയ്ൻ ഇറങ്ങിപ്പോയതായി വാർത്തകളുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ പരോക്ഷമായി സൂചിപ്പിച്ച് നോ ഡ്രാമ പ്ലീസ് എന്ന ക്യാപ്ഷനോടെ നടൻ ആന്‍റണി പെപ്പെ ഇട്ട ഫേസ്ബുക്ക് പോസ്റ്റും ചർച്ചകൾക്ക് വഴിവച്ചിരുന്നു.