ഗ്രീഷ്മയുടെ ജാമ്യം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം: ഷാരോണിന്‍റെ അച്ഛൻ

ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിര്‍ക്കാന്‍ സാധിച്ചില്ലെന്നും ജയരാജ്
Greeshma and Sharon.
Greeshma and Sharon.File photo
Updated on

തിരുവനന്തപുരം: കാമുകനായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതിന്‍റെ ഭാഗമാണെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജ്. കഴിഞ്ഞ 25ന് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിര്‍ക്കാന്‍ സാധിച്ചില്ലെന്നും ജയരാജ് പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജയരാജ് ആരോപിച്ചു.

നീതിക്കായി ഏതറ്റം വരെയും പോകും. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ജയരാജ് പറഞ്ഞു. ഗ്രീഷ്മ വിദേശത്തേക്ക് കടക്കുമോ എന്ന് ഭയമുണ്ട്. കേസ് നീട്ടി കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്നും ജയരാജ് സംശയമുന്നയിച്ചു. പ്രതി അന്വേഷണവുമായി സഹകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്.

ഷാരോണ്‍ രാജിന്‍റെ മരണ മൊഴിയില്‍ പ്രതിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. 22 വയസു മാത്രമാണു പ്രായം. വിചാരണയില്‍ പ്രതി ഇടപെടുമെന്ന ആശങ്കയ്ക്ക് ഇടയില്ലെന്നും കോടതി നീരിക്ഷിച്ചു. 2022 ഒക്റ്റോബർ 31 മുതല്‍ കസ്റ്റഡിയിലാണെന്നതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ കോടതിയില്‍ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഹാജരാകണം.

കുറ്റകൃത്യം നടന്നത് തമിഴ്‌നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്‌നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നല്‍കിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും.

പ്രണയ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു കാമുകനായ ഷാരോണ്‍ രാജിനെ 2022 ഒക്റ്റോബർ 14നു രാവിലെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 2022 ഒക്റ്റോബർ 25ന് മെഡിക്കല്‍ കോളെജില്‍ മരിച്ചു. കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇരു പ്രതികള്‍ക്കും നേരത്തെ ജാമ്യവും ലഭിച്ചു.

Trending

No stories found.

Latest News

No stories found.