കോഴിക്കോട്: എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിൽ എത്തിയത് ആദ്യമായാണെന്ന് എഡിജിപി എം. ആർ. അജിത്കുമാർ. സെയ്ഫി തീവ്രചിന്താഗതിക്കാ രനാണെന്നും, ഇത്തരത്തിലൊരു കൃത്യം ചെയ്യാൻ പദ്ധതിയിട്ടു തന്നെയാണു കേരളത്തിൽ വന്നതെന്നും എഡിജിപി വ്യക്തമാക്കി. യുഎപിഎ ചുമത്തിയതു കൃത്യമായ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള അന്വേഷണത്തിൽ ഷാറൂഖ് സെയ്‌ഫിയാണു കുറ്റം ചെയ്തതെന്നു വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചു. തീവ്രചിന്താഗതിക്കാരനായ സെയ്ഫി ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ കാണാറുണ്ടെന്നും വ്യക്തമായിട്ടുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും എഡിജിപി പറഞ്ഞു. രണ്ടാഴ്ച കൊണ്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശേഖരിച്ചു ഡോക്യുമെന്‍റ് ചെയ്തിട്ടുണ്ട്.
നാഷണൽ ഓപ്പൺ സ്കൂളിൽ പ്ലസ്ടു പഠിച്ച സെയ്ഫിക്ക് ഇരുപത്തേഴ് വയസാണ് പ്രായം. ഡൽഹിയിൽ നിന്നും കേരളത്തിലെത്തി, കുറ്റകൃത്യം ചെയ്ത ശേഷം കണ്ണൂരിലെത്തി, പിന്നീട് രത്നഗിരിയിൽ വച്ചു പിടിക്കപ്പെടുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി മനസിലായിട്ടുണ്ടെന്നും, ഇതു സംബന്ധിച്ചുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. ഇത്തരത്തിലൊരു പ്രവർത്തി ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണു കേരളത്തിലെത്തിയത്.