കൊച്ചി: യുവ നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. മൂവരും പ്രധാന വേഷത്തിലെത്തുന്ന ഓണം റിലീസ് ചിത്രങ്ങൾക്ക് പരസ്പരം ആശംസ നേരുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി ഷീലു ഏബ്രഹാം എത്തിയത്. ഓണം റിലീസിനെത്തുന്ന മറ്റ് ചിത്രങ്ങളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്നും, പവർ ഗ്രൂപ്പുകൾ എങ്ങനെ പ്രവത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ പ്രവർത്തികളെന്നായിരുന്നുമായിരുന്നു ഷീലുവിന്‍റെ പ്രതികരണം.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ...”പവർ ഗ്രൂപ്പുകൾ“ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!! നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് ....എന്നാൽ ഞങ്ങളുടെ “BAD BOYZ ഉം പിന്നെ കമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ ..!!!നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്.ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ,എല്ലാവര്ക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ .
പോസ്റ്റിനെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലുവും രംഗത്തെത്തി. ''നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത് '' എന്നായിരുന്നു ഒമറിന്‍റെ കമന്‍റ്.
അജയന്‍റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ടം, കൊണ്ടൽ എന്നിവയാണ് ടോവിനോയുടേയും അസിഫ് അലിയുടേയും പെപ്പേയുടേതുമായി ഓണം റിലീസിനെത്തുന്ന ചിത്രങ്ങൾ.