അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒമ്പതാം ദിനവും തുടരുന്നു. മലയാളിയായ റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘം ഷിരൂരിലെത്തും. കര, നാവിക സേനകൾക്കൊപ്പമായിരിക്കും തെരച്ചിൽ നടത്തുക. മണ്ണിലും വെള്ളത്തിലും ഒരു പോലെ പരിശോധന നടത്താവുന്ന അത്യാധുനിക സജ്ജീകരണങ്ങളോടെയായിരിക്കും തെരച്ചിൽ. ഗംഗാവാലിപ്പുഴയിൽ ശക്തമായ ഒഴുക്കുള്ളതു കൊണ്ട് ശരിയായ രീതിയിൽ പരിശോധന നടത്താൻ സാധിച്ചിട്ടില്ല. റഡാർ ബോട്ടിൽ വച്ചാണ് പരിശോധന നടത്തിയത്. നിലവിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അർജുന്‍റെ കുടുംബം പറഞ്ഞു.
ജൂലൈ 16നാണ് പഅർജുനെ കാണാതായത്. ഷിരൂരിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
എന്നാൽ അർജുനു വേണ്ടിയുള്ള തെരച്ചിൽ തുടങ്ങാൻ വൈകിയില്ലെന്ന് കർണാടക സർക്കാർ കോടതിയെ അറിയിച്ചു. വേഗത്തിൽ മണ്ണ് നീക്കരുതെന്നും വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചാൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി.