പാലക്കാട്: ഷൊർണൂരിൽ ട്രെയ്ൻ തട്ടി ശുചീകരണത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് 3.30 യോടെയായിരുന്നു ഷൊർണൂരിൽ ട്രെയ്ൻ തട്ടി 4 ശുചീകരണത്തൊഴിലാളികൾ മരിച്ചത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചാണ് തമിഴ്നാട് സ്വദേശികൾ മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. അഞ്ചുവർഷമായി ഇവർ ഒറ്റപ്പാലത്ത് താമസിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. നാലു പേരും ട്രാക്കിൽ നിന്ന് മാലിന്യം നീക്കിക്കൊണ്ടിരിക്കേ ട്രെയ്ൻ കടന്നു പോകുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഒരാൾ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണുവെന്നാണ് നിഗമനം. മരിച്ച നാലു പേരും കരാർ ജോലിക്കാരാണ്. റാണിയും വള്ളിയും സഹോദരിമാരാണ്. ഇവരുടെ ഭർത്താക്കൻമാരിൽ ഒരാളെ കാണാതായിട്ടുണ്ട്. ട്രെയ്ൻ ഇടിച്ച് ശരീരം ഛിന്നഭിന്നമായതിനാൽ കാണാതായത് ആരാണെന്നതിൽ അവ്യക്തത തുടരുകയാണ്. പുഴയിലെ തിരച്ചിൽ ഇന്നലെ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. ഇന്നു രാവിലെ തിരച്ചിൽ തുടരും.
ട്രെയ്നിന്‍റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയ്ന്‍ വന്ന അതേ ദിശയിലേക്കായിരുന്നു. ട്രെയ്ൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്‍റെ രണ്ടു ഭാഗത്തായി സ്ഥലമുണ്ട്. ഇവിടം ലക്ഷ്യമാക്കി ഓടി എത്തുന്നതിനു മുൻപ് നാലുപേരെയും ട്രെയ്ൻ ഇടിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പരിസരം വൃത്തിയാക്കാനാണ് തൊഴിലാളികളെ നിയോഗിച്ചത്.