കെ.എം. ബഷീറിനെ കാറിടിച്ചുകൊന്ന കേസ്; ശ്രീറാം കോടതിയില്‍ ഹാജരാകണം

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്
shriram has to appear in court in the km basheer murder case
ശ്രീറാം വെങ്കിട്ടരാമന്‍ |കെ.എം. ബഷീർ
Updated on

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം. തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ സമയം തേടിയതിനെത്തുടര്‍ന്ന് കോടതി ഇന്ന് വരെ ശ്രീറാമിന് സമയം അനുവദിച്ചിരുന്നു.

ഇന്ന് കോടതിയില്‍ ഹാജരായി വാദം ബോധിപ്പിക്കാനും കഴിഞ്ഞ ജൂണ്‍ ആറിന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ഉത്തരവായി. കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാന്‍ സമയം തേടിയത്. കഴിഞ്ഞ ജൂണ്‍ ആറിനും മാര്‍ച്ച് 30നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നും കേസ് പരിഗണിച്ചപ്പോഴായിരുന്നു പ്രതി സമയം തേടിയത്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തുന്നത്.

2023 ഓഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്‍റെ റിവിഷന്‍ ഹര്‍ജി തിരസ്കരിച്ചത്. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്.

Trending

No stories found.

Latest News

No stories found.