കൊച്ചി: 2012 ഫെബ്രുവരിയിൽ കണ്ണൂരിലെ കണ്ണപുരത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനും ടി. വി രാജേഷും സമർപ്പിച്ച വിടുതൽ ഹർജികൾ വ്യാഴാഴ്ച കൊച്ചി സിബിഐ കോടതി തള്ളി. കൊച്ചിയിലെ പ്രത‍്യേക സിബിഐ കോടതിയാണ് ഹർജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ‍്യവും കോടതി തള്ളി.
നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. കേസിൽ 32ഉം 33ഉം പ്രതികളായ ജയരാജനും രാജേഷും കേസിൽ തങ്ങളുടെ പങ്ക് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി കോടതി പരിഗണിച്ചപ്പോൾ പട്ടുവത്ത് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്ന് സിബിഐ കണ്ടെത്തി.
തെളിവുകൾ പരിശോധിച്ച ശേഷം ഇരുവർക്കുമെതിരെ മതിയായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി ഇരുവരെയും കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഉത്തരവിട്ടു.
2012 ഫെബ്രുവരി 20ന് പട്ടുവത്തിനടുത്ത് അരിയിൽ വച്ചാണ് ഷുക്കൂർ കൊല്ലപെടുന്നത്. തുടർന്ന് ഓഗസ്റ്റ് 1ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയും 2019 ൽ സിബിഐ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.