അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സിദ്ദിഖ്

യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്‍റെ റിപ്പോർട്ടെന്ന് സിദ്ദിഖ്
Siddique criticized the investigating officers
നടൻ സിദ്ദിഖ് file
Updated on

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ദിഖ്. ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു. യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്‍റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് വാദത്തിൽ വിമർശിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല.

പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു. പരാതി നല്‍കാന്‍ എട്ട് വര്‍ഷം എന്ത് കൊണ്ട് വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനോടും പരാതിക്കാരിയോടും സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു.

ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആകുന്നില്ലെന്ന് സിദ്ദിഖ് ആരോപിക്കുന്നു. പരാതി നല്‍കിയ വ്യക്തി 2019 ലും 2020 ലും ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകളിലിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റുകളില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ അല്ല ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ചോദിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.