സിദ്ധാര്‍ത്ഥന്‍റെ മരണം: സസ്പെൻഷൻ പിൻവലിച്ച 33 വിദ്യാര്‍ത്ഥികൾക്ക് വീണ്ടും സസ്പെൻഷൻ

ഉത്തരവ് ഡീൻ പുറത്തുവിട്ടു
sidharthan death 33 students suspended again
sidharthan death 33 students suspended again
Updated on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളെജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ ക്രൂര റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ വലിയ വഴിത്തിരിവ്. സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ.

ഇത് സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു. 7 പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് സസ്‌പെൻഷൻ. വിദ്യാർഥികളുടെ സസ്പെഷൻഷൻ പിൻവലിച്ച നടപടിയിൽ പാർട്ടികളും വിദ്യാർഥി സംഘടനകളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിസിയുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായെത്തിയ സിദ്ധാര്‍ഥന്‍റെ കുടുംബം വിസിക്കെതിരെ ഗവർണർക്ക് പരാതി നൽകുകയും കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടിയെത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചെന്നും, മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് കുടുംബത്തിന്‍റെ വായ മൂടിക്കെട്ടാനാണെന്നും, മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതായി പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച തുടർ നടപടികളൊന്നും ഉണ്ടായതായി അറിവില്ലെന്നും പിതാവ് പറഞ്ഞു.

ആന്‍റി റാഗിങ് കമ്മിറ്റി നടപടി എടുത്ത സീനിയര്‍ ബാച്ചിലെ രണ്ടു പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ തിരിച്ചെടുത്തത്. ജയപ്രകാശ് ആരോപിച്ചു. പ്രതികളെ രക്ഷിക്കാന്‍ വന്‍ കളി നടക്കുന്നതായി അമ്മ ഷീബയും മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരമിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

അതേസമയം കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്തവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചതെന്ന വിശദീകരണമാണ് വിസി നല്‍കുന്നത്. പ്രധാന പ്രതികളെന്ന് കണ്ടെത്തിയ ആര്‍ക്കും ശിക്ഷയില്‍ ഇളവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 16നാണ് സർക്കാർ അന്വേഷണം ആവശ്യപ്പെട്ട് സിബിഐക്ക് കത്ത് നൽകിയത്. എന്നാൽ സിബിഐ കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കാത്തതാണ് അന്വേഷണത്തിൽ പ്രതിസന്ധിയായിരിക്കുന്നത് എന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.