തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് രാവിലെ മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതായും ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്നെ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു.
'തന്‍റെ മകന്‍റെ മരണത്തിലുള്ള സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. അക്ഷയ് സാക്ഷിയല്ല പ്രതിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട ഉറപ്പ് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. എസ്എഫ്ഐക്ക് എതിരായ കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മരിച്ചതല്ല കൊന്നതാണെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ഡീൻ, അസിസ്റ്റന്‍റ് വാർഡൻ എന്നിവർക്ക് എതിരെ കൊലക്കുറ്റം ചേർക്കണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് മരണത്തിൽ സംശയം എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഞാൻ മുഖ്യമന്ത്രിയെ പോസ്റ്റ് മോർട്ടം റിപ്പോട്ട് കാണിച്ചു. തനിക്കുള്ള ഒന്നിലധികം സംശയങ്ങളും പങ്കുവച്ചു. പല ഡോക്‌ടർമാരെയും ഞാനീ റിപ്പോർട്ട് കാണിച്ചു. എഴുന്നേറ്റ് നിൽക്കാനാവാത്ത അവനെങ്ങനെയാണ് തൂങ്ങിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്' - അദ്ദേഹം പറഞ്ഞു.