K  B Ganesh Kumar
K B Ganesh Kumar

സോളാർ കേസ് ഗൂഢാലോചന: ഗണേഷ് കുമാർ 10 ദിവസത്തേക്ക് നേരിട്ട് ഹാജരാകണ്ട; തുടര്‍ നടപടിക്കുള്ള സ്റ്റേ നീക്കി കോടതി

കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Published on

കൊച്ചി: സോളാര്‍ ഗൂഢാലോചന കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 10 ദിവസത്തേക്ക് നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേസില്‍ ഗണേഷ് കുമാര്‍ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചിരുന്നു. കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. സോളാര്‍ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന കെ ബി ഗണേഷ് കുമാറിന്‍റെ ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാനായി വ്യാജരേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാര്‍ കോടതിയിൽ ആവര്‍ത്തിച്ചു. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ ഹാജരാക്കിയതും പരാതിക്കാരിയാണ്. ഇത് എങ്ങനെയാണ് വ്യാജമെന്ന് പറയാനാകുകയെന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്ന വാദം നിലനില്‍ക്കില്ലെന്നും ഗണേഷ് കുമാര്‍ വാദിച്ചു.