കോൺഗ്രസിന്‍റെ പലസ്തീൻ ഐക്യദാർഢ്യത്തിൽ ഒരു വിഭാഗ‌ത്തിന് എതിർപ്പ്

മുസ്‌ലിം ലീഗിനെ പ്രീണിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്‍റെ അമിതാവേശം പാർട്ടിക്കു തിരിച്ചടിയാകുമെന്ന് മധ്യ കേരളത്തിലെ ചില നേതാക്കൾ
കോൺഗ്രസ് നേതാവ് ശശി തരൂർ എംപി മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ.
കോൺഗ്രസ് നേതാവ് ശശി തരൂർ എംപി മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ.
Updated on

ജിബി സദാശിവൻ

കൊച്ചി: കർഷക ആത്മഹത്യ, സർക്കാർ ധൂർത്ത്, വിലക്കയറ്റം, വൈദ്യുതി നിരക്ക് വർധന, പെൻഷൻ മുടങ്ങൽ, ചികിത്സാ സഹായം മുടങ്ങൽ തുടങ്ങി അര ഡസനിലേറെ ജനകീയ പ്രശ്നങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴും പലസ്തീൻ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന കോൺഗ്രസ്, യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാടിൽ അണികൾ ശക്തമായ അമർഷത്തിൽ.

മുസ്‌ലിം ലീഗിനെ പ്രീണിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്‍റെ അമിതാവേശം പാർട്ടിക്കു തിരിച്ചടിയാകുമെന്ന് മധ്യ കേരളത്തിലെ ചില നേതാക്കൾ മുന്നറിയിപ്പ് നൽകിയെങ്കിലും അതൊക്കെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് സംസ്ഥാന നേതൃത്വം. ജനകീയ വിഷയങ്ങളിൽ സമരമുഖങ്ങൾ തുറക്കുന്നതിൽ നിന്ന് യുഡിഎഫിനെ വഴി തിരിച്ചുവിടുക എന്നതായിരുന്നു സിപിഎം തന്ത്രം. അതിൽ സിപിഎം പൂർണമായും വിജയിക്കുകയും ചെയ്തു.

ദേശീയ തലത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ടായിരുന്നു. അമിത പലസ്തീൻ സ്നേഹം കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് ദേശീയ വീക്ഷണമുള്ള ചില നേതാക്കൾക്കെങ്കിലും തിരിച്ചറിവുണ്ടെങ്കിലും സംസ്ഥാന രാഷ്‌ട്രീയത്തിൽ നിർണായക പദവികൾ നേടാൻ ലീഗ് പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവിൽ പലസ്തീൻ വിഷയത്തിൽ മാത്രം ശ്രദ്ധ കൊടുത്താണു സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്.

അതിനിടെ, കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒന്നിച്ച് ജില്ലകളിൽ നടത്തിയ പര്യടനം പൂർത്തിയായെങ്കിലും പറയത്തക്ക ആവേശം സൃഷ്ടിക്കാനോ നേതാക്കൾക്കിടയിൽ ഐക്യം രൂപപെടുത്താനോ കഴിഞ്ഞിട്ടില്ല. പുതുപ്പള്ളി ഫല പ്രഖ്യാപന ദിനത്തിൽ സുധാകരനും സതീശനും തമ്മിൽ മൈക്കിനായി നടത്തിയ പിടിവലിയും തുടർന്നുണ്ടായ പ്രതിപക്ഷ നേതാവിന്‍റെ പെരുമാറ്റവും അണികളിൽ ഉണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കാനായിട്ടില്ല.

തന്‍റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ പാർട്ടിയിൽ കാണില്ലെന്നൊക്കെ കെ.സി. വേണുഗോപാൽ പ്രസംഗിക്കുന്നുണ്ടെങ്കിലും താഴെ തട്ടിൽ അതല്ല സ്ഥിതി. പ്രവർത്തകരുടെ പിന്തുണയില്ലാത്തവരും ജനകീയ അടിത്തറയില്ലാത്തവരും ചേർന്ന് ജില്ലകൾ തോറും കെ.സി ഗ്രൂപ്പ് എന്ന പേരിൽ സംഘടിക്കുകയാണ്. മണ്ഡലം പ്രസിഡന്‍റ്, ബ്ലോക്ക് പ്രസിഡന്‍റ് പട്ടിക പ്രഖ്യാപിച്ചപ്പോഴും കെ.സി വേണുഗോപാൽ ഗ്രൂപ്പിന് എല്ലാ ജില്ലകളിലും പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. കെസിയുമായി അടുപ്പമുള്ളവർ ചേർന്ന് അദ്ദേഹത്തിന്‍റെ അനുഗ്രഹാശിസുകളോടെ തന്നെ താഴെത്തട്ട് മുതൽ ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നുമുണ്ട്. നേതാക്കളുടെ വാക്കുകളിൽ ഒട്ടും ആത്മാർഥത ഇല്ലെന്ന് പ്രവർത്തകർക്കും നല്ല ബോധ്യമുണ്ട്.

പിണറായി സർക്കാരിനെതിരേ ജനരോഷം ശക്തമാണെങ്കിലും അത് മുതലെടുക്കാനോ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനോ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. കോൺഗ്രസിനെ സമര സംഘടനയാക്കിയാൽ മാത്രമേ വരും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയൂ എന്നു മുതിർന്ന നേതാക്കളും പാർട്ടിയുടെ അഭ്യുദയ കാംക്ഷികളും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പാർട്ടി പുനഃസംഘടന പോലും തർക്കങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാന നേതൃത്വം. കെ. സുധാകരൻ നേതൃത്വമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ച താഴെത്തട്ടിലെ സിയുസി രൂപീകരണം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം മാറ്റിയിട്ട് സമരം ചെയ്യാനും പാർട്ടി ശക്തിപ്പെടുത്താനും നേരമില്ല എന്നതാണ് കേരളത്തിലെ സ്ഥിതി. ഉമ്മൻചാണ്ടിക്ക് പകരമാര് എന്നതൊരു വലിയ ചോദ്യമായി മുന്നിൽ നിൽക്കുന്നു. ഉമ്മൻചാണ്ടിയുടെ അഭാവം എ ഗ്രൂപ്പ് കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. എന്നാൽ ഐ ഗ്രൂപ്പിലാകട്ടെ ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് എന്നതാണു സ്ഥിതി. ഐ ഗ്രൂപ്പിനുള്ളിൽ ശക്തി തെളിയിക്കാനുള്ള മത്സരമാണു നേതാക്കൾ ഇപ്പോൾ നടത്തുന്നത്.

Trending

No stories found.

Latest News

No stories found.