എം.ബി. സന്തോഷ്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ഇന്നലെ പുതുപ്പള്ളിയിൽ മാധ്യമ പ്രവർത്തകരോട് തന്റെ ചികിത്സയെ സംബന്ധിച്ച് അപ്പ ഒരു പ്രത്യേക കുറിപ്പ് എഴുതിവച്ചിരുന്നു എന്നും അത് വേണ്ടിവന്നാൽ പുറത്തുവിടുമെന്നും അറിയിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയുടെ ചികിത്സ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിൽ "മെട്രൊ വാർത്ത' ആ കുറിപ്പ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുകയാണ്.
ഉമ്മൻ ചാണ്ടി ഡയറിയിൽ പത്രക്കുറിപ്പായി സ്വന്തം കൈപ്പടയിൽ തയാറാക്കിയ "സ്പെഷ്യൽ നോട്ടി'ൽ 2022 ഒക്റ്റോബർ 6ന് പറയുന്നത് തനിക്ക് പ്രത്യേക അസുഖങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നാണ്. 2022ലെ സർക്കാർ ഡയറിയിലെ ജനുവരി 21ലെ പേജിൽ ഒക്റ്റോബർ 6ന്റെ തീയതി, മാസം, ആണ്ട് സഹിതം എഴുതി അടിവരയിട്ട ശേഷം പ്രസ് റിലീസ് എന്നും സ്പെഷ്യൽ നോട്ട് എന്നും ഇംഗ്ലിഷിൽ കുറിച്ച ശേഷമാണ് വിവരങ്ങൾ എഴുതിയിട്ടുള്ളത്. ഡയറിയിലെ 3 പേജിലായാണ് ഈ കുറിപ്പ്.
ജനുവരി 23ന്റെ പേജിലെ തുടക്കത്തിൽ ഇംഗ്ലീഷിൽ "പേജ് ത്രീ' എന്ന് എഴുതിയ ശേഷമാണ് അത് അവസാനിപ്പിക്കുന്നത്. ഒപ്പിട്ട ശേഷവും തീയതി മാസവും ആണ്ടും അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി അവസാനമായി ഡയറി എഴുതിയത് 2022 ഒക്റ്റോബർ 14നായിരുന്നു. ബ്ലഡ് ടെസ്റ്റിന്റെ ഫലം വൈകുന്നേരം വന്നതും "എല്ലാം നോർമൽ ആയി, ആശ്വാസം ആയി' എന്ന് അതിൽ അവസാന വാചകമായി എഴുതിയതും "മെട്രൊ വാർത്ത' നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
ഉമ്മൻചാണ്ടിയുടെ കുറിപ്പ് വായിക്കാം:
6/10/2022 പ്രസ് റിലീസ്
സ്പെഷ്യൽ നോട്ട്
"എന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെ സംബന്ധിച്ചും അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പലവാർത്തകളും വരുന്നതായി അറിഞ്ഞു. പലരും എന്നോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള യാഥാർഥ്യം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു.
എനിക്ക് പ്രത്യേക അസുഖങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. 2015 മുതൽ എന്റെ തൊണ്ടയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. പ്രത്യേകിച്ച് ഒരു ചികിത്സയും കൂടാതെ ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ അത് മാറി. അതു കഴിഞ്ഞ് 2018 അവസാനം ചില ബുദ്ധിമുട്ട് ഉണ്ടായി. വിശദമായ ചില പരിശോധന നടത്തി ചികിത്സ തുടങ്ങാനും തീരുമാനിച്ചു. പക്ഷേ, ചികിത്സ തുടങ്ങാൻ തീരുമാനിച്ച ദിവസം ഡെങ്കിപ്പനി വന്നു. (18-11-2019). അനന്തപുരിയിൽ അഡ്മിറ്റ് ചെയ്തു.
ഡെങ്കിപ്പനി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം ഇറങ്ങുമ്പോൾ റേഡിയേഷൻ തുടങ്ങാൻ നിശ്ചയിച്ചു. പക്ഷെ, പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ കുറഞ്ഞിരുന്നു. അതുകൊണ്ട് റേഡിയേഷൻ നടത്താൻ താമസിക്കുമെന്ന ആർസിസിയിലെ ഡോക്റ്റർമാർ പറഞ്ഞു. ഒരു മാസം സമയം ഇടയ്ക്ക് ലഭിച്ചപ്പോൾ ജർമനിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാൻ നിശ്ചയിച്ചു. അവിടെ ടെസ്റ്റ് നടത്തിയപ്പോൾ കാൻസർ ഇല്ലെന്നും ചികിത്സ ആവശ്യമില്ലെന്നും 6 മാസം കൂടുമ്പോൾ ഫോളോ അപ് നടത്തിയാൽ മതിയെന്നും പറഞ്ഞു. അതനുസരിച്ച് ഫോളോ അപ് നടത്തിവരികയാണ്.
പിന്നീട് എനിക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ല. എന്നാൽ, അധികം യാത്ര ചെയ്യുകയും കൂടുതൽ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടായിട്ടുണ്ട്. തൊണ്ടയ്ക്ക് അസുഖം വരുമ്പോൾ ആയുർവേദ ചികിത്സയും വിറ്റാമിൻ കഴിക്കലും കൊണ്ട് കുറെ മുന്നോട്ടുപോകുന്നു. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചും യാതൊരും ആശങ്കയും ആവശ്യമില്ല.
2021ലെ അസംബ്ലി തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് എനിക്ക് കൊറോണ വന്നിട്ടുണ്ട്. അനന്തപുരിയിൽ 10 ദിവസത്തെ ചികിത്സ കഴിഞ്ഞ് പുറത്തുവരുമ്പോൾ എന്റെ തൂക്കം 8 കിലോ കുറഞ്ഞിരുന്നു. അതിൽ 4 കിലോ കൂടിയിട്ടുമുണ്ട്. തുടർച്ചയായി യാത്ര ചെയ്യുമ്പോൾ തൂക്കം കുറയാറുമുണ്ട്''.
- ഒപ്പ്