തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ഇന്ന് നടന്ന ഐടി പരീക്ഷയിൽ 4.27 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഭാഗമായി. ഒരു മണിക്കൂർ പരീക്ഷയിൽ ആദ്യം തിയറിയും തുടർന്ന് പ്രാക്റ്റിക്കലും നടത്തി. പ്രൈവറ്റ്, സിസിസി, എആർസി, ആർഎസി കുട്ടികളുടെ പരീക്ഷയും ഇതിനൊപ്പം നടന്നു.
ഹിയറിങ് ഇംപയേർഡ് ആയിട്ടുള്ള വിദ്യാർഥികൾക്ക് പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് പരീക്ഷ. കാഴ്ചപരിമിതർക്ക് സ്ക്രീൻ റീഡിങ് സോഫ്റ്റ്വേറിന്റെ സഹായത്തിലാണ് പരീക്ഷ നടത്തുന്നത്. 14ന് പരീക്ഷ അവസാനിക്കും. മാർച്ച് നാല് മുതൽ 25 വരെയാണ് പരീക്ഷ നടക്കുന്നത്. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.