ചരിത്രം... അഭിമാനം... സ്കൂൾ കായികമേള

തൃശൂര്‍ ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കും നാച്വറല്‍ ടര്‍ഫ് മൈതാനവുമാണ് കുന്നംകുളത്ത് യാഥാര്‍ഥ്യമായത്.
പാലക്കാട് ടീം ട്രോഫിയുമായി
പാലക്കാട് ടീം ട്രോഫിയുമായി
Updated on

സച്ചിന്‍ വള്ളിക്കാട്

ആദ്യമായാണ് കുന്നംകുളത്ത് സംസ്ഥാന കായികമേള. ചരിത്രം രചിക്കുന്ന മേളയായിരുന്നു ഇത്തവണത്തേത്. നിരവധി താരങ്ങള്‍ കുന്നംകുളത്ത് പിറന്നു. അതും റെക്കോഡുകളോടെ. തൃശൂര്‍ ജില്ലയുടെ ആതിഥേയത്വവും സുവര്‍ണ ലിപികളാല്‍ ചരിത്രത്തില്‍ എഴുതിവച്ചാണ് കായിക മേളക്ക് കൊടിയിറങ്ങിയത്. പ്രധാന നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന സിന്തറ്റിക് ട്രാക്കുകള്‍ ഗ്രാമങ്ങളില്‍ കൂടി എത്തിയതിന്‍റെ ചരിത്രവും കുന്നംകുളത്തിനുണ്ട്. തൃശൂര്‍ ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കും നാച്വറല്‍ ടര്‍ഫ് മൈതാനവുമാണ് കുന്നംകുളത്ത് യാഥാര്‍ഥ്യമായത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് ഇതുരണ്ടും നിര്‍മിച്ചത്. ഗവണ്‍മെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റേതാണ് മൈതാനം. കുന്നംകുളത്ത് നല്ല ഒറിജിനല്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചത് കേന്ദ്രത്തിന്‍റെ ഏഴു കോടി ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ അഞ്ചുകോടിയും ഉപയോഗിച്ചാണ് നാച്വറല്‍ ടര്‍ഫ് മൈതാനം നിര്‍മിച്ചത്. രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഇതു രണ്ടും. സംസ്ഥാനത്തിനു പുറമേ ദേശീയ മത്സരങ്ങള്‍ക്കും കുന്നംകുളം ആതിഥേയത്വം വഹിക്കും. നിലവിലെ കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീന്‍ മന്ത്രിയായപ്പോള്‍ തുടങ്ങിവച്ച പദ്ധതികളാണ് യാഥാര്‍ഥ്യമായത്.

സൂപ്പറായി കുന്നംകുളം

കുന്നംകുളം പോലുള്ള സ്ഥലങ്ങളില്‍ സിന്തറ്റിക് ട്രാക്കുകള്‍ ഒരുക്കിയത് കായികകേരളത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എത്തുന്നത് കൂടുതല്‍ താരങ്ങളെ സൃഷ്ടിക്കുമെന്നതിന്‍റെ നേര്‍ക്കാഴ്ചയായായിരുന്നു 65ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള നമുക്ക് പകരുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ മുറ്റത്ത്തന്നെ ഇങ്ങനെയൊരു ടര്‍ഫും സിന്തറ്റിക് ട്രാക്കും യാഥാര്‍ഥ്യമായത് സാധാരണ വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഛോദനമാണ്.കുന്നംകുളത്തെ സ്റ്റേഡിയത്തില്‍ നാട്ടുകാര്‍ക്ക് പ്രഭാത സവാരിക്ക് അനുമതിയുണ്ട്. ക്ലബുകള്‍ക്ക് പരിശീലനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. നിശ്ചിത ഫീസ് നല്‍കണം. രാജ്യാന്തര നിലവാരം അതേപ്പടി നിലനിര്‍ത്താന്‍ പ്രത്യേക ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

കായിക കേരളത്തിന്‍റെ സല്യൂട്ട്

അഞ്ചുദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ആതിഥേയത്വം വഹിച്ച കുന്നംകുളത്തിന് ബിഗ് സല്യൂട്ടാണ് കായിക കേരളം നല്‍കുന്നത്. കഴിഞ്ഞ 16 മുതല്‍ 20 വരെ കുന്നംകുളം ട്രാക്കില്‍ കൗമാര കായിക മാമാങ്കത്തിന് ആദ്യമായാണ് വേദിയായെങ്കിലും യാതൊരു പരാതിയോ ആക്ഷേപമോ ഉയര്‍ന്നില്ല. അടിപൊളി... സൂപ്പര്‍ എന്നയാരുന്നു വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഓരേ സ്വരത്തോടെ പറഞ്ഞത്. അതിനാല്‍ കുന്നംകുളത്തിന് കായികകേരളത്തിന്‍റെ ബിഗ് സല്യൂട്ട്.അന്തര്‍ദേശീയ, ദേശീയ മേളയുടെ എല്ലാ സൗകര്യങ്ങളും കുന്നംകുളത്ത് സംഘാടകര്‍ ഒരുക്കിയിരുന്നു. തൃശൂര്‍ ജില്ലാ സ്‌കൂള്‍ കായികമേള ഇതേ ഗ്രൗണ്ടില്‍ നടത്തി ആദ്യ റൗണ്ടൗപ്പ് പരിശോധിക്കാനും സംഘാടകര്‍ക്ക് സാധിച്ചു.

പതിറ്റാണ്ടിന്‍റെ വേദി

കുന്നംകുളം ഗവ വിഎച്ച്എസ് ബോയ്സ് സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് മൈതാനത്തായിരുന്നു ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള നടന്നത്. ഒന്നര പതിറ്റാണ്ടിനുശേഷമാണ് തൃശൂര്‍ ജില്ലയില്‍ വീണ്ടും കായികമേള അരങ്ങേറിയത്. 16നാണ് മേള തുടങ്ങിയെങ്കിലും മത്സരങ്ങള്‍ 17 മുതല്‍ 20 വരെയാണ് നടന്നത്. മൂവായിരത്തിലേരെ കായിക താരങ്ങള്‍ കുന്നംകുളത്ത് എത്തി. കനത്ത വേനലില്‍ ട്രാക്കിലെ കൊടുംചൂട് കണക്കിലെടുത്ത് കായികമേള കഴിഞ്ഞ തവണത്തെ പോലെ പകലും രാത്രിയുമായാണ് നടന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (ആണ്‍/പെണ്‍) എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകള്‍ കുന്നംകുളം ട്രാക്കിനെ ആവേശത്തിലാക്കി.റിലേ ഉള്‍പ്പെടെ 98 ഇനങ്ങളിലാണ് മത്സരം നടന്നത്. ഇതില്‍ 88 വ്യക്തിഗത മത്സരങ്ങളും 10 റിലേ മത്സരങ്ങളും ഉള്‍പ്പെട്ടു. മത്സരങ്ങള്‍ രാവിലെ ആറുമുതല്‍ രാത്രി വരെ നീണ്ടു നിന്നു.

കഴിഞ്ഞവര്‍ഷം തിരുവനന്തപുരം മീറ്റിലാണ് മത്സരങ്ങള്‍ രാത്രിയും പകലുമാക്കിയത്. 5000 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഗ്യാലറിയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവിധിപേരെത്തി. തൃശൂര്‍ ജില്ലയില്‍ ആദ്യമായാണ് സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവം നടന്നത്.

കോട്ട കാത്ത് പാലക്കാട്

തുടര്‍ച്ചയായ രണ്ടാം തവണയാണ് പാലക്കാട് ജില്ല കിരീടനേട്ടം കൈവരിക്കുന്നത്. മേളയുടെ ആദ്യദിനം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് പാലക്കാടിന്‍റെ ചുണക്കുട്ടികള്‍ കിരീടം കാത്തത്. 28 സ്വര്‍ണവും 27 വെള്ളിയും പന്ത്രണ്ട് വെങ്കലവും സ്വന്തമാക്കി 266 പോയിന്‍റുകളാണ് പാലക്കാട് നേടിയത്. രണ്ടാമതെത്തിയ മലപ്പുറത്തിന് 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 168 പോയിന്‍റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മൂന്നാമതെത്തിയ കോഴിക്കോടിന് പത്ത് സ്വര്‍ണവും ഏഴ് വെള്ളിയും പന്ത്രണ്ട് വെങ്കലവും നേടി 95 പോയിന്‍റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സബ് ജൂനിയര്‍, ജൂനിയര്‍ ബോയ്സ് വ്യക്തിഗത ചാംപ്യന്‍, അതല്റ്റിക്സ് വ്യക്തിഗത ചാംപ്യന്‍, സീനിയര്‍ ഗേള്‍സ് ചാംപ്യന്‍ പട്ടവും പാലക്കാട് നേടി.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ഗേള്‍സ് വിഭാഗങ്ങള്‍ 99 പോയിന്‍റുകളാണ് ജില്ലയ്ക്ക് വേണ്ടി നേടിയത്. ആണ്‍കുട്ടികള്‍ മൂന്ന് വിഭാഗങ്ങളിലായി 167 പോയിന്‍റുകളും ജില്ലയ്ക്ക് വേണ്ടി സ്വന്തമാക്കി. മേളയില്‍ ആകെ ആറ് റെക്കോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അവയില്‍ മൂന്നും പാലക്കാട് സ്വന്തം ക്രെഡിറ്റിലേയ്ക്കെടുത്തു. സീനിയര്‍ ഗേള്‍സ്, ബോയ്സ്, ജൂനിയര്‍ ബോയ്സ്, സബ് ജൂനിയര്‍ ബോയ്സ് ചാംപ്യന്‍ പട്ടവും പാലക്കാടിനാണ്. എറണാകുളം(88) തിരുവനന്തപുരം(59), കണ്ണൂര്‍(48), കാസര്‍ഗോഡ് (46), കോട്ടയം(42), ആലപ്പുഴ(42), തൃശൂര്‍(25), ഇടുക്കി(25), കൊല്ലം(23), വയനാട്(20), പത്തനംതിട്ട(7) എന്നിങ്ങനെയാണ് പോയിന്‍റ് നില.

മികച്ച സ്‌കൂള്‍ ഐഡിയല്‍

സംസ്ഥാന സ്‌കൂള്‍ കായിക മേള ബെസ്റ് സ്‌കൂള്‍ പട്ടം നിലനിര്‍ത്തി മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് കഴിഞ്ഞ വര്‍ഷത്തെ കായികമേളയില്‍ അപ്രതീക്ഷിതമായിരുന്നു ഐഡിയലിന്‍റെ മുന്നേറ്റമെങ്കില്‍ ഇത്തവണ മേളയുടെ ആദ്യദിനം മുതല്‍ വ്യക്തമായ മുന്‍തൂക്കം നേടിയായിരുന്നു ഐഡിയല്‍ സ്‌കൂള്‍ വരവറിയിച്ചത്. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 57 പോയിന്‍റുകള്‍ നേടിയാണ് ഐഡിയല്‍ ബെസ്റ്റ് സ്‌കൂളായി പ്രഖ്യാപിക്കപ്പെട്ടത്.

46 പോയിന്‍റുകളോടെ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ആണ് രണ്ടാമത്.

ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് മാര്‍ ബേസില്‍ നേടിയത്. പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസ് ആറ് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ 43 പോയിന്‍റുകള്‍ നേടി മൂന്നാമതെത്തി. പാലക്കാട് പറളി എച്ച്.എസ് (30), കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ് (29), മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് (28), പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസ് (25), കാസര്‍ഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസ് (24), എറണാകുളം കീരമ്പാറ സെന്‍റ് സ്റ്റീഫന്‍ എച്ച്എസ്എസ് (23), കോഴിക്കോട് പുല്ലൂരാമ്പാറ(17) എന്നിവ നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ നേടി. 88 സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് മേളയ്ക്കെത്തിയത്.

Trending

No stories found.

Latest News

No stories found.