തിരുവനന്തപുരം: ഗവര്‍ണറുടെ സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐവൈഎഫ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സെമിനാറിനെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, 'സംഘി ചാൻസിലർ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയർത്തി നാളെ കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സമരം നടത്തും. പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളിൽ പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്യുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
കേരളത്തിലെ സർവകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റിൽ ആർഎസ്എസുകാരെ കുത്തിത്തിരുകിയ ചാൻസിലറായ ഗവർണക്കെതിരേ വിദ്യാർഥികൾ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങള്‍ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമനിർമാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ സമരമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.