'കെഎസ്ആർടിസിയിലെ ശമ്പളക്കുടിശിക മുഴുവൻ തീർത്തു, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ': ആന്‍റണി രാജു

വകുപ്പ് തനിക്കൊരിക്കലും മുൾക്കിരീടമായിരുന്നില്ലെന്നും ആന്‍റണി രാജു പറഞ്ഞു
ആന്‍റണി രാജു
ആന്‍റണി രാജു
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ ശമ്പളക്കുടിശികയും കൊടുത്തു തീർത്തുവെന്ന ചാരിതാർഥ്യത്തോടെയാണ് മന്ത്രിസ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതെന്ന് ആന്‍റണി രാജു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കു രാജിക്കത്തു നൽകിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഒരു വകുപ്പായിരുന്നു കെഎസ്ആർടിസി. എങ്കിലും ഇന്ന് ചാരിതാർഥ്യം ഉണ്ട്. കാരണം കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസം വരെയുള്ള ശമ്പളം മുഴുവനായി കൊടുക്കാൻ സാധിച്ചു.

ഒരു രൂപ പോലും കുടിശിക ഇല്ലാതെയാണ് മന്ത്രിസ്ഥാനത്തു നിന്ന് ഇറങ്ങുന്നത് എന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരാണ് എന്നൊരു ധാരണ പൊതുജനങ്ങൾക്കുണ്ട്. ഇപ്പോൾ കെഎസ്ആർടിസിക്ക് നല്ലൊരു ബേസ് ഉണ്ട്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും ആന്‍റണി രാജു പറഞ്ഞു.

വകുപ്പ് തനിക്കൊരിക്കലും മുൾക്കിരീടമായിരുന്നില്ലെന്നും ആന്‍റണി രാജു പറഞ്ഞു. ലോകമെമ്പാടും സർക്കാരിന്‍റെ സഹായത്തോടെയാണ് പൊതുഗതാഗത സംവിധാനം നില നിൽക്കുന്നത്. കേരളത്തിൽ അൽപ്പം കുറവാണ്. തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ഇതിനേക്കാൾ വലിയ സാമ്പത്തിക സഹായം നൽകിയാണ് വകുപ്പ് നില നിർത്തിയിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ 70 കോടി രൂപയാണ് പെൻഷനായി നൽകുന്നത്.

അതു മാറ്റി വച്ചാൽ 20 കോടി മാത്രമാണ് വകുപ്പിന് ലഭിക്കുന്നത്. ഇന്ത്യയിൽ ഏത് പൊതുഗതാഗത സംവിധാനമാണ് ഇത്തരത്തിൽ നില നിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മെച്ചപ്പെട്ട സ്ഥിതിയാണ് കെഎസ്ആർടിസിയുടേതെന്നും ആന്‍റണി രാജു പറഞ്ഞു.

Trending

No stories found.

Latest News

No stories found.