ന്യൂഡൽഹി: അപകടകാരികളായ തെരുവു നായകളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ. കേരളത്തിൽ തെരുവു നായ ആക്രമണം ഉയർന്നു വരികയാണെന്നും കമ്മീഷൻ അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.
2019 ൽ കേരളത്തിൽ 5,194 തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.2020 ൽ 3,951 ഉം 2021 ൽ 7,927 ഉം തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ടു ചെയ്തപ്പോൾ 2022 ൽ ഇത് 11, 776 ൽ എത്തി. ഈ വർഷം ജൂൺ 19 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 6276 തെരുവുനായ ആക്രമണങ്ങളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻ അപേക്ഷയിൽ വ്യക്തമാക്കുന്നു.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് നായകളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്നും കമ്മീഷൻ അപേക്ഷയിൽ വ്യക്തമാക്കുന്നു.തെരുവുനായകൾ പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവ മനുഷ്യരെയും മറ്റ് മൃഗങ്ങളെയും അക്രമിക്കുന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തെരുവുനായകൾ വഴി രോഗം പകർന്നു പിടിക്കുന്നതായും കമ്മീഷൻ അപേക്ഷയിൽ വിശദീകരിക്കുന്നു.