കൊല്ലം: കളിച്ചുകൊണ്ടിരിക്കെ വിദ‍്യാർഥി കിണറ്റിൽ വീണ സംഭവത്തിൽ ഇടപെട്ട് വിദ‍്യാഭ‍്യാസവകുപ്പ്. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ‍്യാർഥി ഫെബിനാണ് വ‍്യാഴാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ഈ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പൊതുവിദ‍്യാഭ‍്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വ‍്യാഴാഴ്ച രാവിലെ ഒൻപതരയോടുകൂടിയായിരുന്നു അപകടം.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാൽ വഴുതി കിണറിൽ വീണതെന്നാണ് വിവരം. അപകടം കണ്ടുനിന്ന സ്കൂൾ ജീവനക്കാരൻ കിണറിൽ ഇറങ്ങിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തി ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു. തലയ്ക്കും നടുവിനും പരുക്കേറ്റ കുട്ടിയെ കൊല്ലത്തെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം കിണറിന് മറയില്ലാത്തതും പൊക്കകുറവുമാണ് അപകടകാരണമെന്ന് നാട്ടുക്കാർ ആരോപിച്ചു.