സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. തെക്കൻ തമിഴ്നാടിനു മുകളിലെ ചക്രവാതചുഴി സ്വാധീനം മൂലം കേരളത്തിൽ എല്ലാ ജില്ലകളിലും മഴ തുടരും. 20 മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ ഇടവിട്ടുള്ള മഴയേക്കാൾ അതിശക്തമായ രീതിയിൽ മഴയും കാറ്റും ഉണ്ടാകാനാണ് സാധ്യത. മണിക്കൂറിൽ 204 മില്ലീ മീറ്റർ വരെ ലഭിക്കുന്ന കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പാലക്കാട്, മലപ്പുറം ഉൾപ്പടെയുള്ള രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21 വരെ മലയോരങ്ങളിലും കടലോരങ്ങളിലുമടക്കം ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
മലയോരങ്ങളടക്കം ദുരന്ത സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനടക്കം ജില്ലാ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ല. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ- മധ്യ കേരളത്തിലടക്കം വേനൽ മഴ ശക്തമായിരുന്നു. രാവിലെ മുതൽ ആകാശം മേഘാവൃതമായി നിന്ന ശേഷം ഉച്ചയോടെ മഴ പെയ്യുന്നതാണ് രീതി. എന്നാൽ വരും ദിവസങ്ങളിൽ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട മഴയ്ക്കാണ് സാധ്യത.