സുരേഷ് ഗോപി
സുരേഷ് ഗോപിFile

വികസനത്തിന്‍റെ പേരില്‍ ആരെയും ദ്രോഹിക്കില്ല, ആരും എതിരു നിൽക്കരുത്: സുരേഷ് ഗോപി

തീർഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചുള്ള ആത്മീയ ടൂറിസം പദ്ധതി നടപ്പിലാക്കാൻ ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി

തൃശൂർ: വികസനത്തിന്‍റെ പേരില്‍ ആരെയും ദ്രോഹിക്കില്ല, ആരും എതിരു നില്‍ക്കരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എയിംസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാർഥ്യമാകുമെന്നും നടപ്പിലാവാൻ മനുഷ്യനിര്‍മിത തടസങ്ങള്‍ മാത്രമാണുള്ളതെന്നും അതിന് വേണ്ടിയുളള എല്ലാ തരത്തിലുളള നടപടിക്രമങ്ങളും ഉടൻ തന്നെ നടപ്പിലാക്കുന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂര്‍, ഏങ്ങണ്ടിയൂര്‍, ചേറ്റുവ, വാടാനപ്പള്ളി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയില്‍ ടൂറിസം ഹബ്ബ് വരും. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയായിരിക്കും ഇതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂര്‍ - കുറ്റിപ്പുറം പാത വൈകുന്നതിന്‍റെ കാരണം കോണ്‍ട്രാക്ടര്‍മാരോടാണ് ചോദിക്കേണ്ടതെന്നും തന്നെ ഏല്‍പ്പിച്ച ജോലി കൃത്യമായി നിര്‍വഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മെട്രോ റെയ്ൽപാത തൃശൂരിലേക്ക് നീട്ടുന്നത് അനിവാര്യമല്ലെന്ന് പറഞ്ഞാല്‍, അത് ബോധിപ്പിച്ചാൽ അതിൽ നിന്നു പിന്‍മാറാം.

നാഗപട്ടണം, വേളാങ്കണ്ണി, ദിണ്ടിഗല്‍ ക്ഷേത്രം, ഭരണങ്ങാനം, മംഗളാദേവി, മലയാറ്റൂര്‍, കാലടി, കൊടുങ്ങല്ലൂര്‍, പാലയൂര്‍, ലൂര്‍ദ് പള്ളി തീർഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചുള്ള ആത്മീയ ടൂറിസം പദ്ധതി നടപ്പിലാക്കാൻ ആഗ്രഹമുണ്ട്. കൂടാതെ മട്ടാഞ്ചേരി ജൂതപ്പള്ളിയും നവീകരിക്കും. കേരളത്തില്‍ ഭാരത് അരിയുടെ വിതരണത്തിലെ തടസം പരിഹരിക്കാൻ അടുത്ത ദിവസം തന്നെ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.