മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിൽ ദർശനം നടത്തി സുരേഷ് ഗോപി

Suresh Gopi visited Guruvayur
മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിൽ ദർശനം നടത്തി സുരേഷ് ഗോപി
Updated on

ഗുരുവായൂർ : കണ്ണന്‍റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും സമർപ്പിച്ചും കാണിക്കയർപ്പിച്ചും കേന്ദ്ര ടൂറിസം ,പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നൽകിയത്. ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിൽ കാറിൽ വന്നിറങ്ങിയ മന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ കെ.എസ്.മായാദേവി എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ സ്വീകരിച്ചു.ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.

ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്‍റെ പ്രതികരണമെത്തി " ഗുരുവായൂരപ്പന്‍റേതെന്ന് കരുതി സ്വീകരിക്കുന്നു"- തുടർന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അൽപ നേരം വിശ്രമം .വൈകിട്ട് അഞ്ചരയോടെ ക്ഷേത്ര ദർശനത്തിനായി ഇറങ്ങി. തെക്കേ നടയിലുണ്ടായിരുന്ന ഭക്തരെ അഭിവാദ്യം ചെയ്തു മുന്നോട്ട് . കിഴക്കേ നടയിലെ ഗണപതി അമ്പലത്തിൽ എത്തി ഭഗവാനെ തൊഴുതു. നാളികേരമുടച്ചു. തുടർന്നായിരുന്നു ഗുരുവായൂരപ്പനെ തൊഴാനെത്തിയത്. ഗോപുര കവാടത്തിൽ ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് നാലമ്പലത്തിൽ കടന്ന് ഇഷ്ടദേവനെ കൺനിറയെ കണ്ടു. നറും നെയ്യും കദളിക്കുലയും സമർപ്പിച്ച് കാണിക്കയിട്ടു.

ദർശന സായൂജ്യം നേടി. 40 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകിട് ആറേകാലോടെയാണ് ദർശനം പൂർത്തിയാക്കി ഇറങ്ങിയത്. ഗോപുര കവാടത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവരെ കണ്ട് യാത്ര പറഞ്ഞായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മടക്കം.

കേന്ദ്ര മന്ത്രിക്ക് ഉപഹാരമായി നിലവിളക്കും ചുമർചിത്രവും

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വം വരവേൽപ് നൽകി. ദേവസ്വത്തിൻ്റെ ഉപഹാരമായി ഗോപികമാരുടെ സാന്നിധ്യത്തിൽ ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ്റെ ചുമർചിത്രവും നിലവിളക്കും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അദ്ദേഹത്തിന് സമ്മാനിച്ചു. ഗുരുവായൂരപ്പൻ്റെ അക്ഷരപ്രസാദമായ ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ പുതിയ ലക്കവും കൈമാറി. ഭക്തപ്രിയയുടെ മുഖചിത്രം കണ്ട് " ഈ മാസിക വീട്ടിൽ വരുത്തുന്നുണ്ട്. ഞാൻ വായിക്കാറുണ്ട്'' - കേന്ദ്ര മന്ത്രി പറഞ്ഞു. ഡി.എ കെ.എസ് മായാദേവി, എക്സി.എൻജിനീയർ എം.കെ. അശോക് കുമാർ, ദേവസ്വം മാനേജർ ഷാജു ശങ്കർ, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ ജി നാഥ്, ചുമർചിത്രം പഠനകേന്ദ്രം പ്രിൻസിപ്പാൾ നളിൻ ബാബു എന്നിവരുൾപ്പെടെയുള്ള ദേവസ്വം ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾ പ്രകൃതിദത്ത നിറത്തിൽ തയ്യാറാക്കിയ ചുമർചിത്രമാണ് മന്ത്രിക്ക് സമ്മാനിച്ചത്.

Trending

No stories found.

Latest News

No stories found.