തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട വർഗീയ പരാമർശത്തിൽ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ കേസ് എടുക്കാക്കതിൽ പൊലീസിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തതിനെ പത്രം ചോദ്യം ചെയ്യുന്നുണ്ട്. സുരേഷ് ഗോപി ചീറ്റിയ മുസ്‌ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കുറ്റമാണെന്ന് ലോഖനത്തിൽ പറയുന്നത്.
നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ വിദ്വേഷ പരാമർശം. ഇതിനെതിരേ കോൺഗ്രസ് നേതാവ് വി.ആർ. അനൂപ് പരാതി നൽകിയെങ്കിലും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
പതിനെട്ടാം പടിക്ക് താഴെയൊരു ചങ്ങായി ഇരുപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്ന് പറഞ്ഞു വരുമെന്നുമാണ് ഗോപാലകൃഷ്ണന്‍റെ വിവാദ പരാമർശം. വാവര് തൽക്കാലം ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്‍റേതാവും. അയ്യപ്പൻ ഇറങ്ങിപോവേണ്ടി വരുമെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ പരാമർശം.