കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സസ്പെന്‍ഡ് ചെയ്ത 13 വിദ്യാർഥികളുടെയും സസ്പെന്‍ഷന്‍ റദ്ദാക്കി. ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി.
2019, 2021 ബാച്ചുകളിലെ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 13 പേരെയും സസ്പെൻഡ് ചെയ്തത്.
എന്നാൽ ഈ നടപടി ചോദ്യം ചെയ്ത് 2 വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇടക്കാല സ്റ്റേ നേടുകയായിരുന്നു. 2 വിദ്യാര്‍ത്ഥികളാണ് സ്റ്റേ നേടിയതെങ്കിലും 13 പേരുടെയും സസ്പെൻഷൻ റദ്ദാക്കികൊണ്ട് സര്‍വകലാശാല അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. നിയമോപദേശം തേടിയ ശേഷമാണ് കോളെജ് 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കിയത്.