ജാതി സെൻസസ് സമുദായങ്ങളുടെ യഥാർഥ അവസ്ഥ വെളിപ്പെടുത്തും: സ്വാമി സച്ചിദാനന്ദ

സാമ്പത്തിക സംവരണത്തിന്‍റെ അടിസ്ഥാനം തന്നെ ജാതി സെൻസസ് നടത്തത്തതാണ്. വികലാംഗർക്ക് വോക്കിങ് സ്റ്റിക്ക് നൽകുന്നത് പോലെയാണ് സംവരണം.
സ്വാമി സച്ചിദാനന്ദ
സ്വാമി സച്ചിദാനന്ദ
Updated on

തിരുവനന്തപുരം: ജാതി സെൻസസ് നടത്തുന്നത് കേരളത്തിലെ സമുദായങ്ങളുടെ യഥാർഥ അവസ്ഥ വെളിപ്പെടുത്തുമെന്ന് ശിവഗിരി മഠം അധ്യക്ഷനും ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റുമായ സ്വാമി സച്ചിദാനന്ദ. ചില ആളുകൾ അത്തരം ഡേറ്റ പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണത്തിന്‍റെ അടിസ്ഥാനം തന്നെ ജാതി സെൻസസ് നടത്തത്തതാണ്. വികലാംഗർക്ക് വോക്കിങ് സ്റ്റിക്ക് നൽകുന്നത് പോലെയാണ് സംവരണം. സംവരണം കൊണ്ടു മാത്രമാണു താഴ്ന്ന ജാതിയിൽപ്പെട്ട കുറച്ചുപേർക്ക് ക്ലാസ് ഫോർ ജീവനക്കാരായി മാറാൻ കഴിഞ്ഞത്. സാമ്പത്തിക സംവരണത്തിനു വേണ്ടി ജാതി സംവരണം നിർത്തലാക്കുന്നത് പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കും. താഴ്ന്ന ജാതിക്കാർക്ക് ക്ലാസ്‌ ഫോർ ജീവനക്കാരുടെ ഗ്രേഡിലേക്ക് പോലും എത്താൻ കഴിയില്ല.

ഇന്നും പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഉയർന്ന ജാതിക്കാരോട് ബൗദ്ധികമായി മത്സരിക്കാൻ കഴിയുന്നില്ല. സാമ്പത്തിക സംവരണം മുന്നാക്ക സമുദായങ്ങളെ മാത്രം സഹായിക്കുന്നതിനാണ് ഇടയാക്കുക. സാമൂഹിക നീതിയും സമത്വവും കൊണ്ടുവരാൻ അതിന് കഴിയില്ല. ദുർബല വിഭാഗത്തിന്‍റെ ഉന്നമനമാണ് സംവരണം ലക്ഷ്യമിടുന്നത്. അതിനെ ജാതീയതയുടെ ഭാഗമായി വിശേഷിപ്പിക്കാനാവില്ല.

രക്തം പൊടിയാതെ ശസ്ത്രക്രിയ നടത്താനാകുമോ? കേരളത്തിലെ ജനങ്ങൾ രാഷ്‌ട്രീയമായി പ്രബുദ്ധരാണെന്ന് പലരും അവകാശപ്പെടുന്നു. എന്നാൽ കെ.ആർ. ഗൗരിയമ്മയെ പോലെ ഒരാൾ ഇവിടെ മുഖ്യമന്ത്രിയാകുമോ? പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിക്കായി ഇനിയും എത്ര വർഷം കാത്തിരിക്കണം? ഏതുതരം രാഷ്‌ട്രീയ പ്രബുദ്ധതയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്? സംവരണ സീറ്റായ ഒറ്റപ്പാലത്തു നിന്നാണ് കെ.ആർ. നാരായണന് മത്സരിക്കേണ്ടി വന്നത്. ജാതീയത ഇപ്പോഴും കർക്കശമാണ്. ഇത് മാറണം.

എല്ലാ പാർട്ടിക്കാരും ശ്രീനാരായണ ഗുരുവിനെ സ്വന്തം പക്ഷത്ത് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. സംഘപരിവാർ തങ്ങളുടെ സ്വന്തം ആളായി ഗുരുവിനെ പ്രതിഷ്ഠിക്കുന്നു. ഗുരു മഹാനായ കമ്യൂണിസ്റ്റാണെന്നാണ് അവർ അവകാശപ്പെടുന്നത്. ഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തുമായിരുന്നുവെന്ന് ഒരു മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പറഞ്ഞു. ഗുരു തങ്ങളുടേതാണെന്നാണ് കോൺഗ്രസുകാർ കരുതുന്നത്. പിഡിപിയുടെ പോസ്റ്ററുകളിലും ഗുരുവിന്‍റെ ചിത്രമുണ്ട്. എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും ഗുരു വളരെ പ്രിയപ്പെട്ടതാണ്- സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Trending

No stories found.

Latest News

No stories found.