ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. വിവാദങ്ങളെത്തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലാണു സയ്ദ് അക്തർ മിശ്ര എത്തുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മുൻ ചെയർമാനാണ് ഇദ്ദേഹം.
ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയാമെന്നും, ജീവനക്കാരും വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും അക്തർ മിശ്ര പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടെന്നു കരുതി സ്ഥാപനത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലല്ലോ. അടൂർ ഗോപാലകൃഷ്ണൻ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര സിനിമകളുടെ വക്തമാവായ സയ്ദ് അക്തർ മിശ്ര എഴുത്തുകാരനും നിർമാതാവും കൂടിയാണ്. ദേശീയ പുരസ്കാര ജേതാവുമാണ്.
വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നു ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്‌ടർ ശങ്കർ മോഹൻ രാജിവച്ചതിനു പിന്നാലെ, ചെയർമാൻ സ്ഥാനത്തു നിന്നും അടൂർ ഗോപാലകൃഷ്ണനും രാജിവയ്ക്കുകയായിരുന്നു.