മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ 2 പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിനു വഴിവിട്ട് സഹായം ചെയ്തെന്നു അന്വേഷണത്തിൽ കണ്ടെത്തിയ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സർവേയർ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ മോഹനന്‍റെ നേത്യത്വത്തിലുള്ള ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചിരുന്നു. പോർട്ട് കൺസർവേറ്റർ ബോട്ടുടമയ്ക്കായി അനധികൃതമായി ഇടപെട്ടെന്നും സർവേയർ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതിൽ സഹായങ്ങൾ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പൊന്നാനിയിലെ യാർഡിൽ ബോട്ട് രുപമാറ്റം വരുത്തിയതാതായി പോർട്ട് കൺസർവേറ്റർ വി വി പ്രസാദിന് പരാതി ലഭിച്ചിരുന്നു. എന്നാൽ ഈ പരാതി അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ചീഫ് സർവേയർ സെബാസ്റ്റ്യനായിരുന്നു. കൃത്യമായി പരിശോധന നടന്നിട്ടില്ലെന്നും നിമവിരുദ്ധമായി ഇതിന് അനുമതി നൽകിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേരളത്തെ ഞെട്ടിച്ചുകൊണ്ട് മെയ് 7 നാണ് 15 കുട്ടികൾ ഉൾപ്പെടെ 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടം ഉണ്ടായത്. ബോട്ടിന് അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.