മലപ്പുറം: താനൂർ പൊലീസിന്‍റെ കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ 8 പൊലീസുകാർക്ക് സസ്പെന്‍ഷന്‍. താനൂർ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകരെയാണ് സസ്പെന്‍റ് ചെയ്തത്. കസ്റ്റഡി മർദനം നടന്നതായി റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലിലാണ് നടപടി.
തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേർക്കൊപ്പമാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് ക്രൂരമായി മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. ഇയാളുടെ ശരീരത്തിൽ 13 പരിക്കുകൾ ഉണ്ടായിരുന്നതായും ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. രാസ പരിശോധന ഫലം കൂടി വരേണ്ടതുണ്ട്. ആമാശയത്തിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് എംഡിഎംഎയാണോ എന്ന് സംശയവുമുണ്ട്.