തിരുവനന്തപുരം: മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ശുചീകരണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും.
നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗം റെയിൽവേയും, ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള സ്ഥലം വകുപ്പും, നഗരസഭയ്ക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്.
തിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുന്ന ഓമയിഴഞ്ചാന്‍ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. ഇതില്‍ 117 മീറ്ററിലാണ് റെയില്‍വേ ഭൂമിയിലൂടെ കടന്നു പോകുന്നത്. റെയ്ൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ ജോയി എന്ന തൊഴിലാളിയെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാണാതാവുന്നത്. ഇതിനു പിന്നാലെയാണ് യോഗം വിളിച്ചത്.