കോഴിക്കോട്: തിരുവനന്തപുരത്ത് നിപ രോഗബാധ എന്ന് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. അതേസമയം, നിപ വൈറസ് ലക്ഷണങ്ങൾ പ്രകടപ്പിച്ച ഒരാൾ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ വീട്ടമ്മയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിപ പരിശോധനയിൽ പുതിയ പോസിറ്റീവ് കേസുകളില്ലെന്നും പരിശോധനയ്ക്കയച്ച സാംപിളുകളിൽ 11 എണ്ണം കൂടി നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. പോസിറ്റീവ് ആയ വ്യക്തികളുമായി അടുത്ത സമ്പർക്കമുള്ള ഹൈ റിസ്കിലുള്ളവരുടെ സാംപിളുകളാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതുവരെ പരിശോധിച്ച സാംപിളുകളിൽ മരണപ്പെട്ടവരുടേത് ഉൾപ്പെടെ ആറെണ്ണമാണ് പോസിറ്റീവായത്.
രണ്ടു കുട്ടികളടക്കം മെഡിക്കൽ കോളെജ് ആശുപത്രിയിൽ 21 പേരാണ് ഐസൊലേഷനിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 19 കോർ കമ്മിറ്റികളും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സാംപിൾ ശേഖരണത്തിന് രോഗികളെ എത്തിക്കുന്നതിന് കൂടുതൽ ആംബുലൻസ് വിട്ട് നൽകാനും തീരുമാനമായി.
അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് ജില്ലാ കലക്റ്റർ എ. ഗീത ഉത്തരവിറക്കി. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, കോളെജുകൾ അടക്കം എല്ലായിടത്തും ഇതു ബാധകം. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും.