'വരവേൽപ്പ്' സമരം അവസാനിച്ചു; വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവീസ് ആരംഭിക്കും

'വരവേൽപ്പ്' സമരം അവസാനിച്ചു; വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവീസ് ആരംഭിക്കും

ചർച്ച പ്രകാരം വരുമാനം ഉള്ള ബസുകളിലെയും വരുമാനം ഇല്ലാത്ത ബസുകളിലെയും ജീവനക്കാർ ഉടമയുടെ എല്ലാ ബസുകളിലും മാറിമാറി ജോലി ചെയ്യും.
Published on

കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി. നാളെ മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവീസ് ആരംഭിക്കും. ബസ് ഉടമ രാജ് മോഹനും ജീവനക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കലക്ട്രേറ്റിൽ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമായത്.

ചർച്ചയിലെ ധാരണ പ്രകാരം അടുത്ത 3 മാസം റൊട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാർക്ക് ജോലി നൽകുവാനാണ് തീരുമാനം. തൊഴിലാളികളിൽ ആരോടും പക്ഷഭേദം കാണിക്കുന്നില്ലെന്നും നിലവിൽ കളക്ഷൻ കുറവുള്ള ബസുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും അതുകൊണ്ട് തന്നെ എല്ലാ ബസിലെ ജീവനക്കാരും മാറി മാറി എല്ലാ ബസുകളിലും ജോലി ചെയ്യണമെന്നും ഉള്ള വ്യവസ്ഥയിലാണ് തീരുമാനമായത്. 4 മാസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച ചെയ്ത് നിബന്ധനകൾ ഒന്നുകൂടി തീർച്ച വരുത്തുന്നതാണെന്നും ലേബർ ഓഫീസറും സിഐടിയു പ്രവർത്തകരും ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ചർച്ച പ്രകാരം വരുമാനം ഉള്ള ബസുകളിലെയും വരുമാനം ഇല്ലാത്ത ബസുകളിലെയും ജീവനക്കാർ ഉടമയുടെ എല്ലാ ബസുകളിലും മാറിമാറി ജോലി ചെയ്യും.

അതേസമയം കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഇനി സംസാരിക്കാനില്ലെന്ന് ബസ് ഉടമ രാജ്മോഹൻ പറഞ്ഞു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശത്തെ തുടർന്ന് സിഐടിയു പ്രവർത്തകരെയും, ബസ് ഉടമ രാജ്മോഹനെയും, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അംഗങ്ങളെയും ചേർത്താണ് ചർച്ച നടത്തിയത്. ആദ്യം ചർച്ചയിൽ നിന്നും രാജ്മോഹൻ ഇറങ്ങിപ്പോയിരുന്നു. സമരസമയം കോടതിവിധി മറികടന്ന് തന്നെ മർദിച്ചയാളെ ചർച്ചയിൽ പങ്കെടുപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ചർച്ച ബഹിഷ്കരിച്ചത്. ഇക്കാര്യത്തിൽ വൈകാരികമായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.